പാലക്കാട്: സ്‌കൂളില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അദ്ധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ചയായിരുന്നു അദ്ധ്യാപകര്‍ക്ക് നേരെയുള്ള വിദ്യാര്‍ത്ഥിയുടെ ഭീഷണി.

സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന കര്‍ശന നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകര്‍ നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി ക്‌ളാസിലേക്ക് മൊബൈല്‍ കൊണ്ടുവന്നത്. ക്‌ളാസിലെ അദ്ധ്യാപകന്‍ മൊബൈല്‍ പിടിച്ചെടുക്കുകയും പ്രധാനാദ്ധ്യാപകന് കൈമാറുകയും ചെയ്തു.

മൊബൈല്‍ ഫോണ്‍ വേണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥി പ്രധാനാദ്ധ്യാപകന്റെ മുറിയിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ തന്നില്ലെങ്കില്‍ പുറത്തിറങ്ങി തീര്‍ത്തുകളയുമെന്നും, കൊന്നുകളയുമെന്നുമായിരുന്നു പതിനാറുകാരന്റെ കൊലവിളി. സംഭവത്തില്‍ അദ്ധ്യാപകരും പിടിഎയും തൃത്താല പൊലീസില്‍ പരാതി നല്‍കി.

ഫോണ്‍ തിരികെ ചോദിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്റെ മുറിയില്‍ എത്തിയത്. തനിക്ക് മൊബൈല്‍ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.

ദൃശ്യങ്ങള്‍ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകന്‍ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപകര്‍ വ്യക്തമാക്കി.