മുംബൈ: നടന്‍ സെയഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റുകള്‍ തുടരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം അറസ്റ്റു ചെയ്ത ആളിനെ പോലീസ് വിട്ടയച്ചു. പിന്നീട് മറ്റൊരാളെ പ്രതിയാക്കി. എന്നാല്‍ സെയ്ഫ് അലിഖാന്റെ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹത കൂടുകയാണ്. സംഭവത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഷരീഫുള്‍ ഇസ്ലാമിന്റെ റിമാന്‍ഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. ഇതിനിടെയാണ് വിരലടയാള പരിശോധന ട്വിസ്റ്റാകുന്നത്.

സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്. കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ഷരീഫുള്‍ ഇസ്ലാമിന്റേതല്ലെമന്ന് കണ്ടെത്തിയത്. ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചു. തുടര്‍ പരിശോധനകള്‍ക്കായി കൂടുതല്‍ വിരലടയാളങ്ങള്‍ വീണ്ടും അയച്ചു കൊടുത്തു. അപകടവുമായി ബന്ധപ്പെട്ട് കുടുംബം പറയുന്ന നിരവധി കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്. കുത്തേറ്റ സമയവും ആശുപത്രിയില്‍ എത്തിച്ച സമയവും തമ്മില്‍ ്അന്തരം ഏറെയാണ്. ഇതിനൊപ്പം സൂപ്പര്‍താരത്തെ ഓട്ടോയിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

പിടിയിലായ ബംഗ്ലാദേശി പൗരന്റെയും സെയ്ഫിന്റെ വീടിനുപുറത്തുള്ള സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞയാളുടെയും മുഖങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താനാണ് നീക്കം. ക്യാമറയില്‍ പതിഞ്ഞയാളെയല്ല പോലീസ് അറസ്റ്റുചെയ്തതെന്ന് പലകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പിടിയിലായ ഷെരിഫുള്‍ ഷെഹ്സാദിന്റെ പിതാവും ഇതേ അഭിപ്രായമുന്നയിച്ചിരുന്നു. പോലീസ് പിടികൂടിയത് തന്റെ മകനെയാണെന്നും എന്നാല്‍, സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്നത് തന്റെ മകനല്ലെന്നുമായിരുന്നു ഇയാള്‍ ബംഗ്ലാദേശില്‍ മാധ്യമങ്ങളോടു പറഞ്ഞത്. ഇതിനിടെയാണ് വിരല്‍ അടയാളം യോജിക്കാത്തതും. അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു എന്ന കാരണം കൊണ്ടുമാത്രം മകനെ കുറ്റവാളിയാക്കരുതെന്നും അച്ഛന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, പിടിയിലായത് യഥാര്‍ഥപ്രതി തന്നെയാണെന്ന വിശ്വാസത്തിലാണ് പോലീസ്. ഇത് സ്ഥിരീകരിക്കാന്‍ പോലീസ് പ്രതിയുടെയും സെയ്ഫ് അലിഖാന്റെയും രക്ത സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

പ്രതിയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളിലെ രക്തവും പരിശോധനയ്ക്കയച്ചിട്ടുണ്ട്. സെയ്ഫിന്റെ മകന്‍ ജേയുടെ മുറിയില്‍നിന്ന് ലഭിച്ച പ്രതിയുടേതെന്ന് കരുതുന്ന തൊപ്പിയില്‍നിന്നു ലഭിച്ച മുടിയും പിടിയിലായ വ്യക്തിയുടെ മുടിയും നേരത്തേതന്നെ രാസപരിശോധനയ്ക്കയച്ചിരുന്നു. ഇതിന്റെയെല്ലാം ഫലം വരുന്നതോടെ പിടിയിലായത് യഥാര്‍ഥപ്രതി തന്നെയാണോ എന്ന് അറിയാനാവും. ജനുവരി 16-ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫ് അലിഖാന് ബാന്ദ്രയിലെ തന്റെ ഫ്‌ളാറ്റില്‍വെച്ച് അക്രമിയില്‍നിന്ന് കുത്തേല്‍ക്കുന്നത്. അഞ്ചുദിവസം ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിഞ്ഞ അദ്ദേഹം ജനുവരി 21-നാണ് ആശുപത്രി വിട്ടത്. സെയ്ഫിന്റെ ഫ്‌ളാറ്റിലെത്തിയപ്പോള്‍ പ്രതി ധരിച്ചിരുന്ന ഷൂ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. കത്തിയുടെ ബാക്കി ഭാഗവും കണ്ടെത്തിയിട്ടില്ല.

ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.

അതേസമയം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ആശുപത്രി രേഖകളില്‍ വ്യാപക പൊരുത്തക്കേടാണ് സംഭവച്ചിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ബാന്ദ്ര വെസ്റ്റിലുള്ള നടന്റെ വീട്ടില്‍ അക്രമം നടന്നത് 16ന് പുലര്‍ച്ചെ 2.30നാണ്. ആറാം നിലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ലീലാവതി ആശുപത്രിയുടെ രേഖകളില്‍ നടനെത്തിയത് 4.10ന്. ഫ്‌ലാറ്റില്‍ നിന്നും പരമാവധി 20 മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്താമെന്നിരിക്കെ മണിക്കൂറുകളുടെ വ്യത്യാസമാണ് ആശുപത്രിയിലെത്താനായി വന്നത്. എത്തുമ്പോള്‍ മകന്‍ ഏഴു വയസുകാരന്‍ തൈമൂര്‍ അലി ഖാന്‍ കൂടെയുണ്ടെന്നാണ് ആശുപത്രി വിശദീകരിച്ചത്. പക്ഷെ രേഖയില്‍ കുടെയുണ്ടായിരുന്നത് സുഹൃത്ത് അഫ്‌സാര്‍ സെയ്തിയാണ്.

കുത്തേറ്റ മുറിവുകളിലുമുണ്ട് പൊരുത്തക്കേട്. 16ന് ലീലാവതി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുത്തേറ്റ ആറു മുറിവുകള്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ ആശുപത്രി രേഖകളിലുള്ളത് 5 മുറിവുകള്‍ മാത്രം. ഇനി നടന്‍ പൊലീസിന് നല്‍കിയ വിവരങ്ങളാണ്. അക്രമി വീട്ടില്‍ കയറിയപ്പോള്‍ മുറുകെ പിടിച്ചുവെന്നും കൈ അയഞ്ഞപ്പോള്‍ പിന്‍വശത്ത് തുരുതുരാ കുത്തിയെന്നുമാണ് മൊഴി. അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി നഴ്‌സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞെന്നും നടന്‍ മൊഴി നല്‍കിയിട്ടുണ്ട്.