കളമശേരി: 'നൈസ് സ്ലീപ്' ഹോസ്റ്റലുകളുടെ പേരില്‍ നിരവധി പേരെ കബളിപ്പിച്ച് 14 കോടിയോളം രൂപ തട്ടിയെടുത്ത 49കാരനെ പോലിസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഉടുമ്പുംതല ഹാജിമാടയ്ക്കല്‍ വീട്ടില്‍ എം.കെ. സൈദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ 'നൈസ് സ്ലീപ്'എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളുടെ 50 ശതമാനം ഓഹരികള്‍ നല്‍കാമെന്നു വിശ്വസിപ്പിച്ച ശേഷം പലരില്‍ നിന്നും കോടിക്കണക്കിനു രൂപ തട്ടിയെടുക്കുക ആയിരുന്നു.

50 ശതമാനം ഓഹരി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മുതല്‍ മുടക്ക് ലാഭവിഹിതത്തോടുകൂടി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണു പണം കൈപ്പറ്റിയത്. പിന്നീട് ഇതേ ഹോസ്റ്റലുകളുടെ ഓഹരി മറ്റാളുകള്‍ക്കു മറിച്ചു നല്‍കി കരാര്‍ ഉണ്ടാക്കിയും പണം തട്ടി. ഈ ഇടപാടുകളിലൂടെ 14 കോടിയോളം രൂപ ഇയാള്‍ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു.

'നൈസ് സ്ലീപിന്' എഴുപതോളം ഹോസ്റ്റലുകള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. 50% ഓഹരി നല്‍കി നിക്ഷേപം എന്ന രൂപത്തില്‍ പലരില്‍ നിന്നായി പണം കൈപ്പറ്റി.

കളമശേരിയില്‍ ഒന്നും എളമക്കരയില്‍ രണ്ടും കേസ് അടക്കം ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുകള്‍ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. സംസ്ഥാനം വിട്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണു സൈദിനെ പിടികൂടിയതെന്നു പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.