- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനയ്ക്കിടെ വൈദികന് നേരെ ആക്രമണം; മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; സംഘര്‍ഷം മുന്‍ വികാരിയുടെ നേതൃത്വത്തിലെന്ന് ആരോപണം; പളളി പൂട്ടിച്ച് പൊലീസ്
കുര്‍ബാനയ്ക്കിടെ വൈദികന് നേരെ ആക്രമണം
എറണാകുളം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെ വൈദികന് നേരെ ആക്രമണം. എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിയിലാണ് കുര്‍ബാനയ്ക്കിടെ വിമതവിഭാഗം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഫാദര്‍ ജോണ്‍ തോട്ടുപുറത്തിന് പരിക്കേറ്റു. അക്രമികള്‍ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു. വിമത വികാരിയുടെ നേതൃത്വത്തില്‍ ഒരു സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം. സംഘര്‍ഷത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ തലയോലപ്പറമ്പ് പൊലീസ് എത്തി പള്ളി പൂട്ടിച്ചു.
ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് തര്‍ക്കം നില്‍ക്കുന്ന പള്ളിയിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രസാദഗിരി പള്ളിയില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയി നിയമിതനായ ഫാദര്‍ ജോണ്‍ തോട്ടുപുറം കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ആയിരുന്നു സംഘര്‍ഷം. രാവിലെ കുര്‍ബാനയ്ക്കിടെയാണ് പളളിയില്‍ നാടകീയ രംഗങ്ങളുണ്ടായത്. കുര്‍ബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തി. ഇടവക വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഫാദര്‍ ജോണ്‍ തോട്ടുപുറത്തിനെ ആക്രമിക്കുകയുമായിരുന്നു. മുന്‍ വികാരി ജെറിന്‍ പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് സംഘര്‍ഷമെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആരോപണം.
സഭയുടെ അംഗീകൃത കുര്‍ബാന അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ പ്രീസ്റ്റ് ചാര്‍ജ് ആയി ജോണ്‍ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോണ്‍ തോട്ടുപുറം കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പളളിയാണിത്. ഏറെ നാളായി ഇവിടേയും ഏകീകൃത കുര്‍ബാനയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പളളിക്കുളളില്‍ വെച്ച് കയ്യേറ്റം ഉണ്ടായെന്ന് കാണിച്ച് ജോണ്‍ തോട്ടുപുറം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.