തിരുവനന്തപുരം: തലസ്ഥാനത്ത് ബോംബ് ഭീഷണി. കിഴക്കേകോട്ടയ്ക്ക് സമീപമുളള ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി മനുഷ്യ ബോംബ് 2.30-ന് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. ബോംബ് സ്‌ക്വാഡ് അടക്കം മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും സംശകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

അടുത്തിടെ നഗരത്തിലെ മറ്റ് രണ്ട് ഹോട്ടലുകളുകളിലും ഇത്തരത്തില്‍ ഇ-മെയില്‍ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരന്നു. ഈ സാഹചര്യത്തില്‍ ഈ മെയില്‍ അയച്ചയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഡിസിപി ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ-മെയില്‍ സന്ദേശമെത്തിയത്. മാധ്യമ സ്ഥാപനങ്ങളിലുള്‍പ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്. ഹോട്ടലിലെ അതിഥികളുടെ വിവരങ്ങളും പരിശോധിച്ചു. ഫയര്‍ഫോഴ്‌സ് സംഘവും ഹോട്ടല്‍ മാനറിലെത്തിയിരുന്നു.

കഴിഞ്ഞ ദിവസം പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലും ബോംബ് ഭീഷണി വന്നിരുന്നു. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഇ-മെയില്‍ സന്ദേശം വഴിയാണ് ബോംബ് ഭീഷണി എത്തിയത്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ പ്രതികാരം ചെയ്യുമെന്നായിരുന്നു ഭീഷണി. സര്‍വകലാശാലയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. നിവേദ്യ എന്നു പേരുള്ള ഐഡിയില്‍ നിന്നായിരുന്നു സന്ദേശം എത്തിയത്.

ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെയുളളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.കഴിഞ്ഞ ഒരു മാസത്തിനുളളില്‍ മൂന്നാം തവണയാണ് തിരുവനന്തപുരത്തെ ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത്. ഇതിന് മുന്‍പ് ഹോട്ടല്‍ താജിലും ഹയാത്തിലും ഭീഷണി ഉണ്ടായിരുന്നു. അവ വ്യാജമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.