ലണ്ടന്‍: യുകെയിലെ ചെസ്റ്ററില്‍ ഏഴ് കുട്ടികളെ കൊല്ലുകയും മറ്റ് ഏഴ് കുട്ടികളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു എന്ന കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങിയ കില്ലര്‍ നഴ്സ് എന്ന ലൂസി ലെറ്റ്ബിയ്ക്കെതിരെ ഉയര്‍ത്തിയ തെളിവുകളുടെ കാര്യത്തിലുള്ള സംശയം ശക്തമാവുകയാണ്. തെളിവുകള്‍ പരിശോധിച്ച മെഡിക്കല്‍ വിദഗ്ദര്‍ ഇന്നലെ പറഞ്ഞത്, അവയിലൊന്നും തന്നെ ലൂസി ലെറ്റ്ബിയാണ് കൊല ചെയ്തതെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ഇല്ല എന്നാണ്.നീതി നിര്‍വ്വഹണത്തില്‍ എന്തെങ്കിലും വിധത്തിലുള്ള വീഴ്ചകളുണ്ടായാല്‍ അത് പരിഹരിക്കേണ്ട ക്രിമിനല്‍ കേസസ് റീവ്യൂ കമ്മീഷന്‍ ഇനി ഈ കേസ് പുനഃപരിശോധിക്കും.

പതിനഞ്ച് ജീവപര്യന്ത ശിക്ഷകളാണ് ലൂസി ലെറ്റ്ബിക്ക് വിധിച്ചിരിക്കുന്നത്. തന്റെ കേസിലെ പുതിയ വികാസങ്ങള്‍ എല്ലാം സറെയിലെ ബ്രോണ്‍സ്ഫീല്‍ഡ് ജയിലിലിരുന്ന് ലെറ്റ്ബി നിരീക്ഷിക്കുന്നുണ്ട്. കൗണ്ടസ്സ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോനാറ്റല്‍ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന 2015 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ലെറ്റ്ബി ഈ കുറ്റകൃത്യങ്ങള്‍ ചെയ്തതെന്നായിരുന്നു മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയിലെ വിചാരണയില്‍ പറഞ്ഞിരുന്നത്.

രക്തധമനികളിലേക്ക് വായു കുത്തിവച്ച് രക്തമൊഴുക്ക് തടസ്സപ്പെടുത്തിയാണ് കൊലപാതകങ്ങള്‍ എന്നാണ് പറഞ്ഞിരുന്നത്. ആമാശയത്തിലേക്ക് വായു കുത്തിവയ്ക്കുക, കുട്ടികള്‍ക്ക് പാല്‍ അമിതമായ തോതില്‍ നല്‍കുക, ഇന്‍സുലിന്‍ കുത്തിവയ്ക്കുക, ശാരീരിക പീഢനങ്ങള്‍ ഏല്‍പ്പിക്കുക തുടങ്ങിയ മുറകളും ലൂസി ലെറ്റ്ബി തന്റെ കൊലപാതക പരമ്പരയില്‍ ഉപയോഗിച്ചതായി വിവിധ വിദഗ്ധര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അതുപോലെ, ലൂസി ലെറ്റ്ബി എഴുതി എന്ന് പറയപ്പെടുന്ന ഒരു കുറിപ്പും തെളിവായി ഹാജരാക്കിയിരുന്നു. അവരെ പരിപാലിക്കാന്‍ ഞാന്‍ അനുയോജ്യയല്ല എന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ അവരെ കൊന്നത്,എനിക്ക് ജീവിക്കാന്‍ അര്‍ഹതയില്ല എന്നായിരുന്നു ആ കുറിപ്പ്.

എന്നാല്‍, നവജാത ശിശുക്കളുടെ പരിചരണത്തില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള 14 നിയോനാറ്റോളജിസ്റ്റുകള്‍ ചേര്‍ന്ന ഒരു വിദഗ്ധ സമിതി നടത്തിയ തെളിവുകളുടെ വിശകലനത്തിന്റെ റിപ്പോര്‍ട്ട് ഇന്നലെ ലണ്ടനില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അവര്‍ പുറത്തു വിട്ടിരുന്നു. ലെറ്റ്ബിയുടെ കേസ് വിചാരണക്കിടെ കൂടെക്കൂടെ പരാമര്‍ശിക്കപ്പെട്ട, കുട്ടികളില്‍ രക്തധമനികളില്‍ വായു നിറഞ്ഞ് രക്തമൊഴുക്ക് തടയപ്പെടുന്ന അവസ്ഥയെ കുറിച്ചുള്ള അക്കാദമിക പഠനത്തിന്റെ സഹ രചയിതാവും, നിയോനാറ്റല്‍ വിഭാഗത്തില്‍ ലോകത്തിലെ തന്നെ മികച്ച ഡോക്ടര്‍മാരിലൊരാളായി പരിഗണിക്കുകയും ചെയ്യുന്ന ഡോ. ഷൂ ലീ ആയിരുന്നു കമിറ്റിക്ക് നേതൃത്വം നല്‍കിയത്.

തികച്ചും നിഷ്പക്ഷമായ, തെളിവുകള്‍ മാത്രം അടിസ്ഥാനമാക്കിയ റിപ്പോര്‍ട്ട് എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ച ഡോ. ലീ പറഞ്ഞത്, മരണമടഞ്ഞ പിഞ്ചോമനകളുടെ കുടുംബങ്ങളുടെ വികാരങ്ങള്‍ തങ്ങള്‍ പങ്കിടുകയും അവര്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്നാണ്. പക്ഷെ, കേസ് വിചാരണയില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ തെറ്റിദ്ധരിപ്പിക്കും വിധം അവതരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. ത്വക്കിന്റെ നിറം മാറ്റവുമായി ബന്ധപ്പെട്ട കാര്യമാണ് ഇത്തരത്തില്‍ അവതരിപ്പിച്ചത്.

എല്ലാ കുട്ടികളുടെയും മരണകാരണം ഒന്നുകില്‍, സ്വാഭാവിക കാരണങ്ങളാകാം അതല്ലെങ്കില്‍ ചികിത്സയില്‍ സംഭവിച്ച പിഴവുകളാകാം എന്നാണ് ഡോ. ലീ പറയുന്നത്. പ്രസ്തുത ഹോസ്പിറ്റലില്‍ ചികിത്സയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഒരുമിച്ചുള്ള പ്രവര്‍ത്തനം, വിവിധ വിഭാഗങ്ങളുടെ ഏകോപനം എന്നിവയെല്ലാം കൗണ്ടസ്സ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോനാറ്റല്‍ വിഭാഗത്തില്‍ അവതാളത്തിലായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഈ തെളിവുകളില്‍ കൊലപാതകം കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഒരു കുട്ടിയുടെ മരണത്തില്‍ പോലും, മെഡിക്കല്‍ തെളിവുകള്‍ കൊലപാതകം എന്നതിനെ പിന്തുണയ്ക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണ രൂപത്തില്‍ തന്നെ ലൂസിയുടെ അഭിഭാഷകന് കൈമാറുമെന്നും, പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അഭിഭാഷകനാണെന്നും ഡോ. ലീ പറഞ്ഞു. മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കിയാണ് ലെറ്റ്ബി കുറ്റക്കാരിയാണെന്ന് തെളിയിച്ചത്.ഇപ്പോള്‍ ആ തെളിവുകള്‍ എല്ലാം നീര്‍ക്കുമിള പോലെ തകര്‍ന്നിരിക്കുകയാണ് എന്നായിരുന്നു ലെറ്റ്ബിയുടെ അഭിഭാഷകന്‍ മാര്‍ക്ക് മെക്‌ഡൊണാള്‍ഡ് പ്രതികരിച്ചത്.ലെറ്റ്ബിയുടെ കേസിലെ വിധി സുരക്ഷയുറപ്പാക്കുന്ന ഒന്നല്ലെന്നും, അപ്പീല്‍ കോടതിയിലേക്ക് കേസ് റെഫര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപെട്ടു.