- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഉച്ചയ്ക്ക് 2.18നു മോഷ്ടാവ് പുറത്തിറങ്ങിയെങ്കിലും ബാങ്കില്‍ നിന്നു കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു വിവരമറിയിക്കുന്നത് 2.26ന്; എല്ലാ ജീവനക്കാരുടെയും കയ്യില്‍ മൊബൈല്‍ ഉണ്ടായിട്ടും പൊലീസിനെ വിളിക്കാന്‍ 8 മിനിറ്റ് വൈകി; ആ സ്‌കൂട്ടര്‍ ഇനിയും തിരിച്ചറിഞ്ഞില്ല; ചാലക്കുടി ബാങ്ക് കവര്‍ച്ചയില്‍ പോലീസ് ഇരുട്ടില്‍
ചാലക്കുടി: പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ നിന്നു 15 ലക്ഷം രൂപ കവര്‍ന്നു കടന്നുകളഞ്ഞ മോഷ്ടാവിനെ കുറിച്ച് പോലീസിന് തുമ്പൊന്നുമില്ല. 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം പല ജില്ലകളിലായി തിരച്ചില്‍ തുടരുമ്പോഴും സ്‌കൂട്ടറും കള്ളനും അജ്ഞാതരാണ്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ 6 ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തി പണവുമായി കടന്നുകളഞ്ഞ മോഷ്ടാവ് വമ്പന്‍ പ്ലാനിംഗാണ് നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെയെത്തി കവര്‍ച്ച നടത്തി മുങ്ങിയ പ്രതിയെ പിടികൂടാന്‍ ശാസ്ത്രീയ മാര്‍ഗങ്ങളുപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണെന്നു റൂറല്‍ പൊലീസ് മേധാവി ബി.കൃഷ്ണകുമാര്‍ പറഞ്ഞു.
ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്ത് 15 ലക്ഷം രൂപ തട്ടിയെടുത്തു 3 മിനിറ്റില്‍ സ്ഥലം വിട്ടു. സിനിമാ സ്റ്റൈല്‍ മോഷ്ടാവ് സഞ്ചരിച്ച സ്‌കൂട്ടര്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ പല ഭാഗത്തു കണ്ടുവെന്നു പറയുന്നുണ്ടെങ്കിലും ഒന്നിനും സ്ഥിരീകരണമില്ല. ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിന്റെ നേതൃത്വത്തില്‍ 25 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകള്‍ പരിശോധിച്ചും ഇടപാടുകാരെ നിരീക്ഷിച്ചുമൊക്കെയാണ് അന്വേഷണം. ബാങ്ക് കവര്‍ച്ച മാത്രമല്ല, രക്ഷപ്പെടാനുള്ള മാര്‍ഗവും മോഷ്ടാവ് വ്യക്തമായി ആസൂത്രണം ചെയ്തിരിക്കാമെന്ന സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. രക്ഷപ്പെടാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാനും സാധ്യതയുണ്ട്. ഈ വാഹനത്തെ ട്രെയിലറില്‍ കൊണ്ടു പോകാനും സാധ്യതയുണ്ട്. ഈ രീതിയിലെ മോഷണം മുമ്പും കേരളത്തില്‍ നടന്നിട്ടുണ്ട്. അതുകൊണ്ടാണോ പ്രതികളെ പിടികൂടാന്‍ കഴിയാത്തതെന്ന സംശയം സജീവമാണ്.
ഉച്ചയ്ക്ക് 2.18നു കവര്‍ച്ച പൂര്‍ത്തിയാക്കി മോഷ്ടാവ് പുറത്തിറങ്ങിയെങ്കിലും ബാങ്കില്‍ നിന്നു പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചു വിവരമറിയിക്കുന്നത് 2.26ന് ആണ്. എല്ലാ ജീവനക്കാരുടെയും കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിട്ടും പൊലീസിനെ വിളിക്കാന്‍ 8 മിനിറ്റ് വൈകിയതെന്തെന്ന സംശയവും അന്വേഷണത്തിന്റെ പരിധിയിലായി. തൊട്ടടുത്ത സ്ഥാപനങ്ങളിലുള്ളവരെ പോലും വിവരമറിയിക്കാതിരുന്നതും അന്വേഷിക്കുന്നുണ്ട്. കൃത്യസമയത്തു പൊലീസിനെ വിവരമറിയിച്ചിരുന്നെങ്കില്‍ മോഷ്ടാവിനെ പാതകള്‍ അടച്ചു തിരച്ചില്‍ നടത്തി പിടികൂടാന്‍ കഴിയുമായിരുന്നെന്നു. പൊലീസിനെ വിളിക്കുന്നതിനു പകരം ജീവനക്കാര്‍ ആദ്യം വിളിച്ചതു ബാങ്കില്‍ നിന്നു ഭക്ഷണം കഴിക്കാന്‍ പുറത്തുപോയ ജീവനക്കാരനെയാണ്. ആ ജീവനക്കാരന്‍ എത്തി മുറി തുറന്നുകൊടുത്ത ശേഷമാണു മറ്റുള്ളവര്‍ പുറത്തിറങ്ങിയത്.
സംഭവദിവസം രാത്രി 11 വരെ ബാങ്ക് ജീവനക്കാരെ പുറത്തുപോകാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നും അവധിയിലായിരുന്ന ഒരാളില്‍ നിന്നും പലവട്ടം മൊഴിയെടുത്തു. മുഴുവന്‍ ജീവനക്കാരുടെയും മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടര്‍ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മോഷ്ടാവ് വന്ന ഇനത്തില്‍പ്പെട്ട സ്‌കൂട്ടര്‍ തൃശൂര്‍ ജില്ലയില്‍ മാത്രം പതിനായിരം വരും. സ്‌കൂട്ടര്‍ ഉടമകളുടെ പേരും മറ്റു വിവരങ്ങളും പരിശോധിക്കുകയാണ്. ആളെ തിരിച്ചറിയാന്‍ ആദ്യം വാഹനം കണ്ടെത്തണം. വാഹനം ഉറപ്പിച്ചാല്‍ പ്രതിയിലേക്ക് അതിവേഗം എത്താം. എന്നാല്‍ ഇതിന് പോലീസിന് കഴിയുന്നതുമില്ല. കള്ളന്റെയും വാഹനത്തിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടും യാതൊരു തുമ്പും ഇതുവരെ ലഭിച്ചില്ല.
ബാങ്കില്‍നിന്ന് പുറത്തിറങ്ങിയശേഷം ചാലക്കുടി ടൗണ്‍ ഭാഗത്തേക്കാണ് മോഷ്ടാവ് പോയത്. ഇതിനെ അടിസ്ഥാനപ്പെടുത്തി അങ്കമാലി, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍, അവിടങ്ങളിലേക്ക് മോഷ്ടാവ് എത്തിയിട്ടില്ലെന്ന് രാത്രി വൈകിയാണ് പോലീസ് തിരിച്ചറിഞ്ഞത്. ബാങ്കിന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള സുന്ദരിക്കവലയില്‍വെച്ചാണ് മോഷ്ടാവ് അപ്രത്യക്ഷനായത്. ഇവിടെനിന്ന് ചെറുറോഡുകള്‍ വഴി കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പ്രവേശിക്കാം. തൃശ്ശൂരില്‍ എത്തിയിരുന്നതായും സംശയമുണ്ട്. മോഷ്ടാവ് സംസ്ഥാനം കടന്നെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകള്‍ പരിശോധിച്ചും ഇടപാടുകാരെ നിരീക്ഷിച്ചുമൊക്കെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാവ് കടന്നുപോയ ഭാഗങ്ങളിലൊന്നും സിസിടിവി ക്യാമറകളില്‍ സ്‌കൂട്ടറിന്റെ നമ്പര്‍ വ്യക്തമല്ല. കേരളത്തില്‍ ഉടനീളം എഐ ക്യാമറകളുണ്ടെന്നാണ് വയ്പ്പ്. എന്നിട്ടും നമ്പര്‍ കിട്ടിയില്ല. കൊരട്ടിയില്‍ ദേശീയപാതയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് കൃത്യമായി തിരിച്ചറിയാന്‍ പാകത്തിനു വ്യക്തത ഉള്ളതാണെങ്കിലും ഇതുവഴി സ്‌കൂട്ടര്‍ കടന്നുപോയിട്ടുമില്ല.ക വര്‍ച്ചയ്ക്കു ശേഷം ദേശീയപാതയിലും സംസ്ഥാനപാതയിലുമുള്ള നിരീക്ഷണ ക്യാമറകള്‍ ഒഴിവാക്കിയാണു മോഷ്ടാവ് രക്ഷപ്പെട്ടതെന്ന സാധ്യതയാണ് പോലീസ് തിരിച്ചറിയുന്നത്.