കൊച്ചി: പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ത്തിനല്‍കിയെന്ന കേസില്‍ മലയാളിയടക്കം മൂന്നുപേരെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്തത് നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍. കൊച്ചി കപ്പല്‍ശാലയിലെ മുന്‍ ട്രെയ്‌നി കടമക്കുടി സ്വദേശി പി.എ. അഭിലാഷാണ് പിടിയിലായ മലയാളി. കൊച്ചി നാവികത്താവളത്തിലും കാര്‍വാര്‍ നാവികത്താവളത്തിലുമുള്ള ഇന്ത്യന്‍ പ്രതിരോധസ്ഥാപനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കിയെന്നാണ് കേസ്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാക് ചാരവനിതയ്ക്ക് സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്നായിരുന്നു കേസ്.

ഉത്തര കന്നഡ ജില്ലയില്‍നിന്ന് വേതന്‍ ലക്ഷ്മണ്‍ ടന്‍ഡല്‍, അക്ഷയ് രവി നായിക് എന്നിവരെയും എന്‍.ഐ.എ. അറസ്റ്റ്‌ചെയ്തു. കേസില്‍ ഇതുവരെ എട്ടുപേര്‍ അറസ്റ്റിലായി. ഇപ്പോള്‍ അറസ്റ്റിലായ മൂന്ന് പ്രതികളും കാര്‍വാര്‍ താവളത്തിന്റെ ചിത്രങ്ങളും നാവികനീക്കങ്ങളുടെ വിശദാംശങ്ങളും പാകിസ്താന്‍ ഏജന്‍സിക്ക് കൈമാറി. ഇതിന് പ്രതിഫലമായി പണം സ്വീകരിച്ചതായും കണ്ടെത്തി. വിശാഖപട്ടണം കപ്പല്‍ശാലയിലെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിയെന്ന കേസില്‍ കഴിഞ്ഞവര്‍ഷം അഭിലാഷിനെയും കൊച്ചി കപ്പല്‍ശാലയിലെ വെല്‍ഡര്‍ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേകിനെയും എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. തെളിവ് ലഭിക്കാത്തതിനാല്‍ അഭിലാഷിനെ വിട്ടയച്ചെങ്കിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിന് ശേഷമാണ് അറസ്റ്റ്.

രഹസ്യ നാവിക പ്രതിരോധ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ കേസിലാണു നടപടി. സമൂഹമാധ്യമങ്ങളിലൂടെയാണു പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകളുമായി (പിഐഒ) ഇവര്‍ ബന്ധപ്പെട്ടതെന്ന് എന്‍ഐഎ കണ്ടെത്തി. ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളെ സംബന്ധിച്ചു പൊതുവായും കാര്‍വാര്‍, കൊച്ചി നാവിക താവളങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങളും ഇവര്‍ പണത്തിനായി പങ്കുവച്ചതായും എന്‍ഐഎ പറഞ്ഞു. 2021 ജനുവരിയില്‍ ആന്ധ്രപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ റജിസ്റ്റര്‍ ചെയ്ത കേസ് 2023 ജൂണില്‍ എന്‍ഐഎ ഏറ്റെടുത്തു. ഒളിവില്‍ പോയ 2 പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

പാക്ക് പൗരനായ മീര്‍ ബാലജ് ഖാനും അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റില്‍ സജീവമായിരുന്നു. ഒളിവില്‍ പോയ മറ്റൊരു പിഐഒ ആല്‍വെന്‍, മന്‍മോഹന്‍ സുരേന്ദ്ര പാണ്ഡ, അമാന്‍ സലിം ഷെയ്ഖ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. 2024 ഓഗസ്റ്റില്‍ നാവിക താവളത്തിലെ വിവര ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള എന്‍ഐഎ സംഘങ്ങള്‍ പ്രദേശം സന്ദര്‍ശിച്ചു. അപ്പോഴാണ് കേസുമായുള്ള കാര്‍വാര്‍ ബന്ധം പുറത്തുവന്നത്.

ഫെയ്‌സ്ബുക്കില്‍ നാവിക ഉദ്യോഗസ്ഥയായി ചമഞ്ഞെത്തിയ പാക്കിസ്ഥാന്‍ ഏജന്റ് പ്രതികളെ ഹണിട്രാപ്പില്‍ കുടുക്കിയതായി കണ്ടെത്തി. 2023ല്‍ സ്ത്രീ സൗഹൃദം സ്ഥാപിച്ചു വിശ്വാസം നേടി. കാര്‍വാര്‍ നാവിക താവളത്തിലെ യുദ്ധക്കപ്പല്‍ നീക്കങ്ങള്‍, പ്രവര്‍ത്തന വിശദാംശങ്ങള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ കൈമാറി. പകരമായി 8 മാസത്തേക്ക് പ്രതിമാസം 5,000 രൂപ നല്‍കിയതായും കണ്ടെത്തി. 2023ല്‍ വിശാഖപട്ടണത്ത് എന്‍ഐഎ അറസ്റ്റ് ചെയ്ത ദീപക്കും ഈ പ്രതികളും തമ്മിലുള്ള ബന്ധവും വ്യക്തമായി. ദീപക്കിനും കൂട്ടാളികള്‍ക്കും ഫണ്ട് കൈമാറാന്‍ ഉപയോഗിച്ച അതേ ബാങ്ക് അക്കൗണ്ടാണു വേതന്‍ ടണ്ഡേലിനും അക്ഷയ് നായിക്കിനും പണം നല്‍കാനും ഉപയോഗിച്ചത്. ദീപക്കും സംഘവും അറസ്റ്റിലായതോടെ കാര്‍വാര്‍ ആസ്ഥാനമായുള്ള പ്രതികള്‍ക്കുള്ള പണം വരവ് നിലച്ചു.

നേരത്തെ മറ്റൊരു കേസില്‍ കേസില്‍ കൊച്ചി കപ്പല്‍ശാലയിലെ ഇലക്ട്രോണിക് മെക്കാനിക്കായ കരാര്‍ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ 2023 ഡിസംബറില്‍ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ഏയ്ഞ്ചല്‍ പായല്‍ എന്ന പേരില്‍ ഫേസ്ബുക്ക് ചാറ്റിലൂടെയാണ് യുവതി വിവരങ്ങള്‍ ചോര്‍ത്തിയത്. തന്ത്രപ്രധാന വിവരങ്ങളുംപ്രതിരോധ രഹസ്യങ്ങളും ചോര്‍ത്തുകയാണ് പാക് ലക്ഷ്യം. സമൂഹ മാദ്ധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് പ്രണയിക്കുന്നത്. 'ഏയ്ഞ്ചല്‍ പായല്‍' എന്ന പേരിലുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടിലേക്ക് ഇവര്‍ വിവരം കൈമാറുകയായിരുന്നു. പായല്‍ ഏയ്ഞ്ചല്‍, ആരതി ശര്‍മ്മ, മുക്ത മഹാതോ, അതിഥി തിവാരി, ഹര്‍ലീന കൗര്‍, പ്രീതി, പൂനം ബജ്വ, സുനിത തുടങ്ങിയ വ്യാജ പേരുകളില്‍ പ്രത്യക്ഷപ്പെട്ട സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ ചാറ്റ് ചെയ്ത ഉദ്യോഗസ്ഥരാണ് കെണിയില്‍ വീണതെന്ന് കണ്ടെത്തിയിട്ടുണ്ട്.