- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'സര്‍ക്കാരും, വനം വകുപ്പും ജനങ്ങളെ പറ്റിക്കുന്നു; ജാഗ്രത നിര്‍ദ്ദേശവുമായി ആറളം ഫാമിലേക്ക് ആരും വരേണ്ട'; ആറളത്ത് ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ച് നാട്ടുകാര്‍; സ്ഥലത്തെത്തിയ എംവി ജയരാജനെയടക്കം തടഞ്ഞു
ആറളത്ത് പ്രതിഷേധം ശക്തം
കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍. സ്ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു. ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സും നാട്ടുകാര്‍ തടഞ്ഞു. ആരെയും ഉള്ളിലേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാരുടെ പ്രതിഷേധം.
ഇന്നലെ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് തടഞ്ഞിട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ എം വി ജയരാജന്‍ അടക്കമുള്ള ഇടത് നേതാക്കളെയും നാട്ടുകാര്‍ തടഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട്ടിലേക്കുള്ള വഴി പൂര്‍ണമായും പ്രതിഷേധക്കാര്‍ വലിയ കല്ലുകളും മരക്കമ്പുകളും കൊണ്ട് തടഞ്ഞിരിക്കുകയാണ്. വീട്ടിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍.
ആംബുലന്‍സ് വീടിന്റെ പരിസരത്തേക്ക് കടത്തിവിടാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങാന്‍ തയ്യാറായിട്ടില്ല. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് നാട്ടുകാരുള്ളത്. ആറളം ഫാമിനോട് ചേര്‍ന്നുള്ള വനമേഖലയില്‍ തീപിടുത്തം ഉണ്ടായതിനെത്തുടര്‍ന്ന് തീയണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് സംഘത്തെ പോലും പ്രതിഷേധക്കാര്‍ കടത്തി വിട്ടില്ല.
വനം മന്ത്രിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തി ഉചിതമായ പരിഹാരം കാണുന്നത് വരെ പ്രദേശത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. ആറളം ഫാം പുനരധിവാസ മേഖലയാക്കിയതിനു ശേഷം 16 ജീവനുകളാണ് പൊലിഞ്ഞത്. ആദിവാസി ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഈ പ്രദേശത്ത് നിന്നാണെന്നും അല്ലാതെ രാഷ്ട്രീയ പ്രതിനിധികളുമായി പഞ്ചായത്ത് ഓഫിസില്‍ അല്ല ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ആന മതില്‍ നിര്‍മ്മിക്കുന്നതിലെ കാലതാമസമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകള്‍ എത്താന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. 37.9 കോടി രൂപ ചെലവില്‍ പത്തരകിലോമീറ്റര്‍ ദൂരമാണ് ആന മതില്‍ നിര്‍മ്മിക്കേണ്ടത്. ഇതിനായി മരം മുറിക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും പ്രവൃത്തി മുന്നോട്ട് പോയില്ല. സര്‍ക്കാരും, വനം വകുപ്പും ജനങ്ങളെ പറ്റിക്കുന്നെന്നും ജാഗ്രത നിര്‍ദ്ദേശവുമായി ആറളം ഫാമിലേക്ക് ആരും വരേണ്ടതില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ദമ്പതികളുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ലീല എന്നിവരെയാണ് കാട്ടാന ചവിട്ടികൊന്നത്. രാവിലെ കശുവണ്ടി ശേഖരിക്കാന്‍ പോകവെയായിരുന്നു ഇരുവര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ചുനീക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. വനംവകുപ്പിനോട് ഉദ്യോഗസ്ഥരോടുമാണ് പ്രതിഷേധമെന്ന് നാട്ടുകാര്‍ പറഞ്ഞു. മന്ത്രിയും കളക്ടറും എത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.