കൊളംബിയ: വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർ സുരക്ഷാ ഏജൻസികളെയും പരിശോധനാ സംവിധാനങ്ങളെയും പറ്റിച്ച് ഓരോ ദിവസവും പുതിയ പുതിയ വഴികളാണ് കള്ളക്കടത്തുകാർ സ്വീകരിക്കുന്നത്. ഏതൊക്കെ തരത്തിൽ നിരോധിത വസ്തുക്കൾ കടത്തുന്നുണ്ടെന്ന് അറിയാൻ വേണ്ടി വലിയ അധ്വാനമാണ് നമ്മുടെ നാട്ടിലും പുറത്തുമൊക്കെ കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികൾ നടത്തുന്നത്. ഇപ്പോഴിതാ, അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ കൊളംബിയയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആംസ്റ്റർഡാമിലേക്കുള്ള ഒരു വിമാനത്തിൽ പോകാനായി കൊളംബിയയിലുള്ള റാഫേൽ നൂനെസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരു കൊളംബിയൻ പൗരൻ തന്നെയാണ് അറസ്റ്റിലായത്. ഇയാളുടെ മുൻകാല യാത്രാ ചരിത്രവും മറ്റ് വിവരങ്ങളും പരിശോധിച്ചപ്പോൾ അധികൃതർക്ക് സംശയം തോന്നി.

തുടർന്ന് വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള ഇയാളുട നീക്കങ്ങൾ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ശേഷം വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഒടുവിലാണ് ഇയാളുടെ മുടിയിൽ അസ്വഭാവികത ഉള്ളതായി സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയത്.

മുടിയല്ല വിഗ്ഗാണ് ഇയാൾ ധരിച്ചിരിക്കുന്നതെന്ന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. തുടർന്ന് കത്രിക ഉപയോഗിച്ച് വിഗ് മുറിച്ചെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഗ്ഗിനുളളിൽ 19 കൊക്കൈൻ ക്യാപ്സ്യൂളുകളാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

ഇതിന് ഏകദേശം 10,000 യൂറോ (ഒൻപത് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വിലവരുമെന്നാണ് കണക്കാക്കുന്നത്. പിന്നാലെ ഇയാളെ പിടികൂടി. ലഹരിക്കടത്ത്, ലഹരി വസ്തു നിർമാണം, ലഹരി പദാർത്ഥങ്ങൾ കൈവശം വെയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തുകയും ചെയ്തിട്ടുണ്ട്.