തൃശൂര്‍: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍ വേളക്കോട് സ്വകാര്യ ഓയില്‍ കമ്പനിയില്‍ തീയിട്ടത് മുന്‍ ജീവനക്കാരന്‍. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് വൈരാഗ്യം എന്നാണ് പ്രതിയായ ടിറ്റോ തോമസ് പൊലീസില്‍ നല്‍കിയ മൊഴി. പുലര്‍ച്ചെ മൂന്ന് മണിയോടെ കമ്പനിയില്‍ എത്തിയ ടിറ്റോ തീയിട്ട ശേഷം ഉടമയായ സ്റ്റീഫന് ഭീഷണി സന്ദേശം അയച്ചു. ശേഷം സ്വമേധയാ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ച്, പേരാമംഗലം പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

അതേ സമയം, ജോലിയില്‍ തിരിച്ചെടുത്തതായും തിങ്കളാഴ്ച നേരത്തെ എത്താന്‍ പറഞ്ഞപ്പോള്‍ 'കമ്പനി ഉണ്ടെങ്കില്‍' എത്താം എന്നുമായിരുന്നു പ്രതി പറഞ്ഞിരുന്നതെന്ന് ഉടമ സ്റ്റീഫന്‍ പറയുന്നു. പ്രതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറി.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മുണ്ടൂര്‍ വേളക്കോട് വ്യവസായ മേഖലയിലെ ഓയില്‍ കമ്പനി. തൃശൂര്‍ പൂത്തോള്‍ സ്വദേശിയുടേതാണ് കമ്പനി. ഷോര്‍ട് സര്‍ക്യൂട്ടാകാം കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സംഘത്തിന്റെ ഏഴു യൂണിറ്റുകള്‍ ഏറെ മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീയണച്ചത്.

ഇതിനിടെ, നാടകീയമായി തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലേക്ക് ഒരാള്‍ കയറിവന്നു. ഓയില്‍ കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഡ്രൈവര്‍ ടിറ്റോ തോമസ്. മുപ്പത്തിയഞ്ചുകാരന്‍. തൃശൂര്‍ ചെമ്മാപ്പിള്ളിയാണ് യഥാര്‍ഥ നാട്. ഇപ്പോള്‍ താമസം, എളവള്ളിയിലെ വാടകവീട്ടില്‍.

ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന്റെ ദേഷ്യത്തില്‍ ടിന്നര്‍ തുറന്ന് തീയിട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇന്നലെ രാത്രി തൃശൂരില്‍ സെക്കന്‍ഡ് ഷോ സിനിമ കണ്ടായിരുന്നു കമ്പനിയില്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പിരിച്ചുവിട്ടത്. ഒന്നരവര്‍ഷമായി ഓയില്‍ കമ്പനിയിലെ ഡ്രൈവറാണ്. ഓയില്‍ പാത്രങ്ങളുടെ എണ്ണം എഴുതിവയ്ക്കാന്‍ ഉടമ പറഞ്ഞതായിരുന്നു പ്രകോപനം.

വാക്കേറ്റത്തിനൊടുവില്‍ ഡ്രൈവറെ പിരിച്ചുവിടുകയായിരുന്നു. വീണ്ടും തിരിച്ചെടുക്കാന്‍ ഉടമ തീരുമാനിച്ചിരുന്നു. അടുത്തയാഴ്ച വീണ്ടും ജോലിയില്‍ പ്രവേശിക്കാനും പറഞ്ഞു. ഇതിനിടെയാണ്, ഉടമയോടുള്ള അരിശം തീയിടലില്‍ കലാശിച്ചത്. പ്രതിയുടെ മാനിസാകാരോഗ്യം പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.