കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരയില്‍ ചികിത്സിക്കുന്നതിന് വേണ്ടി വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു. കരിക്കോട്ടക്കരി ജനവാസമേഖലയിലിറങ്ങിയ കുട്ടിയാനയെയാണ് ബുധനാഴ്ച വൈകുന്നരത്തോടെ മയക്കുവെടിവെച്ച് പിടികൂടിയത്. തുടര്‍ന്ന് രാത്രി ഒന്‍പതുമണിയോടെ ആന ചരിഞ്ഞതായി സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് വയസ്സുള്ള കുട്ടിയാനയുടെ മരണക്കാരണം വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് വനംവകുപ്പ് വിശദീകരിച്ചു.

ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയ്ക്ക് ഗുരുതരമായ പരിക്കുണ്ടായിരുന്നു. വായിലായിരുന്നു പരിക്ക്. താടിയെല്ല് പൊട്ടിയ നിലയിലായിരുന്നു. എങ്ങനെയാണ് ആനയുടെ വായില്‍ ഇത്രവലിയ പരിക്കുണ്ടായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പടക്കം കടിച്ചതാകാമെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്.

ഒരു റൗണ്ട് മയക്കുവെടി വെച്ചപ്പോള്‍ തന്നെ ആന മയങ്ങിയിരുന്നു. പിന്നീട് കയറില്‍ ബന്ധിച്ചാണ് ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയത്. കയറ്റുന്നതിനിടെ ആന തളര്‍ന്ന് വീണിരുന്നു. കഴിഞ്ഞ മൂന്നുനാലു ദിവസമായി ആന ഭക്ഷണം കഴിച്ചിരുന്നില്ല. വനമേഖലയിലേക്ക് പോകാന്‍ തയ്യറാകാത്തിരുന്നതോടെ ആനയെ പിടികൂടി ചികിത്സിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആറളത്തെ ആര്‍.ആര്‍.ടി സംഘത്തിന്റെ ക്യാംപിലെ ചികിത്സയ്ക്കിടെയായിരുന്നു ആന ചരിഞ്ഞത്.

ആനയുടെ അന്നനാളത്തിന് ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. തീറ്റയോ വെള്ളമോ എടുക്കാന്‍ ആവാത്ത സ്ഥിതിയായിരുന്നു. പടക്കം പൊട്ടിയതിന്റെ ആഘാതത്തില്‍ പല്ലും നാക്കും ഉള്‍പ്പെടെ തകര്‍ന്നിരുന്നു. സംഭവത്തില്‍ കൊട്ടിയൂര്‍ റേഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സിസിഎഫാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ ഡിഎഫ്ഒ സംഘത്തലവന്‍. 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

വയനാട്ടില്‍ നിന്നെത്തിയ വെറ്ററിനറി സംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. വെറ്ററിനറി ഡോക്ടര്‍ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. 15 അംഗ സംഘമാണു മയക്കുവെടി സംഘത്തില്‍ ഉണ്ടായിരുന്നത്. അവശനിലയിലായിരുന്ന ആനക്കുട്ടിയുടെ ശാരീരികാവസ്ഥ പരിഗണിച്ചു ചെറിയ അളവിലുള്ള മരുന്നാണു മയക്കുവെടിക്കായി ഉപയോഗിച്ചത്.

മയക്കുവെടിവച്ചതിനു ശേഷം കാട്ടാന വനപാലകര്‍ക്കു നേരെ ഓടിയടുത്തെങ്കിലും പിന്നീട് റബ്ബര്‍ തോട്ടത്തില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ശരീരം തളര്‍ന്ന ആനയുടെ കാലുകളിലും കഴുത്തിലും കയര്‍ ഉപയോഗിച്ച് കുരുക്കിട്ടതിനു ശേഷം പ്രാഥമിക ചികിത്സ നല്‍കുകയും തുടര്‍ന്നു ലോറിയില്‍ കയറ്റി മാറ്റുകയുമായിരുന്നു. ജെസിബി ഉപയോഗിച്ചു മണ്ണുമാറ്റി ലോറി അടുത്തെത്തിച്ചാണു ആനയെ വാഹനത്തില്‍ കയറ്റിയത്. ആനയെ ബന്ധിച്ച കയര്‍ വലിച്ചും പുറകില്‍ നിന്നു തള്ളിയുമാണു വാഹനത്തില്‍ കയറ്റിയത്.