- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പതിവ് പരിശോധനയ്ക്കിടെ വാഹനത്തിന് നേരെ കൈകാണിച്ചെങ്കിലും വാഹനം വേഗത്തില്‍ ഓടിച്ചുവന്ന് ഉദ്യോഗസ്ഥനെ ഇടിച്ചിട്ടു; ബാവലിയിലെ വില്ലന്‍ സ്ഥിരം മയക്കു മരുന്ന് കടത്തുകാരന് ഹൈദര്‍; കര്‍ണ്ണാടകയില്‍ നിന്നും ലഹരി ഒഴുകും മേഖലയില്‍ സംഭവിച്ചത്
വയനാട്: ലഹരി പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു വീഴ്ത്തിയത് കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ. ബാവലി ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. സിവില്‍ എക്‌സൈസ് ഓഫിസര്‍ ജെയ്‌മോനാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥിരം ലഹരികടത്തുകാരനും മുന്‍പും ഇത്തരം കേസുകളില്‍ പ്രതിയുമായിട്ടുള്ള അഞ്ചാംമൈല്‍ സ്വദേശി ഹൈദറാണ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളഞ്ഞത്.
കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള ലഹരികടത്തിന്റെ പ്രധാന വഴികളില്‍ ഒന്നാണ് ബാവലി ചെക്ക് പോസ്റ്റ്. ബാവലി ചെക്‌പോസ്റ്റിന് സമീപമെത്തിയ സ്‌കൂട്ടര്‍ വാഹന പരിശോധന കണ്ട് പെട്ടെന്ന് വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥന്റെ നേരേ പാഞ്ഞെത്തിയ സ്‌കൂട്ടര്‍ അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തി. റോഡിലേക്ക് തലയിടിച്ച് വീണ ഉദ്യോഗസ്ഥന്റെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. താടിയെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ഹൈദറിനെ തിരിച്ചറിഞ്ഞ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കൊടുവില്‍ ഇയാളെ പിടികൂടി. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നാണ് ബാവലി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വന്‍തോതില്‍ ലഹരി എത്തുന്നത്. കര്‍ണാടക പൊലീസിന്റെയും എക്‌സൈസിന്റെയും സഹകരണത്തോടെ സംയുക്ത പരിശോധന ഈ മേഖലയില്‍ വേണമെന്ന ആവശ്യം ശക്തമാണ്.
അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പതിവ് പരിശോധന നടത്തുകയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ വാഹനത്തിന് നേരെ കൈകാണിച്ചെങ്കിലും വാഹനം വേഗത്തില്‍ ഓടിച്ചുവന്ന് ഉദ്യോഗസ്ഥനെ ഇടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
അപകടമുണ്ടായതിനെ പിന്നാലെ ജെയ്മോനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൈദറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.