ബെയ്‌റൂത്ത്: തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഭീകരസംഘടനയുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ഇസ്രയേല്‍ വ്യോമസേന തകര്‍ത്തു തരിപ്പണമാക്കി. ഇരുപത് മുതല്‍ മുപ്പത് വരെ കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇസ്രയേല്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് ഇത്. വെടിനിര്‍ത്തല്‍ കരാറിന് വിരുദ്ധമായിട്ടാണ് ഈ ആക്രമണം നടന്നതെന്നാണ് ഹിസ്ബുള്ള ഭീകരര്‍ ആരോപിക്കുന്നത്. എന്നാല്‍ ഹിസ്ബുള്ളയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്.

ഇത്രയും ആയുധങ്ങള്‍ ഭീകരസംഘടന ശേഖരിച്ചിരുന്നത് തന്നെ ഇതിന് വ്യക്തമായ തെളിവാണെന്നാണ് അവരുടെ വിശദീകരണം. ഇസ്രയേലിന് എതിരായ ഏത് നീക്കവും ശക്തമായി തന്നെ നേരിടുമെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു യുദ്ധം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ലബനനിലെ ജനങ്ങള്‍.

പെട്രോള്‍ പമ്പുകളിലും ഗ്യാസ് സ്റ്റേഷനുകളിലും എല്ലാം നീണ്ട ക്യൂവാണ് കഴിഞ്ഞ ദിവസം കാണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുളളയുടെ റദ്വാന്‍ സൈനിക വിഭാഗത്തിലെ നാവിക മേധാവി കൊല്ലപ്പെട്ടിരുന്നു. ഖാദിര്‍ സയിദ് ഹഷേം എന്നായിരുന്നു ഇയാളുടെ പേര്. വെടിനിര്‍ത്തല്‍ നിലനിന്നിരുന്ന കാലഘട്ടത്തില്‍ പോലും കടല്‍ വഴി ഇസ്രയേലിനെ ആക്രമിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയ ഭീകരനേതാവാണ് ഇയാള്‍.

മൂന്ന് ദിവസം മുമ്പ് ആയുധങ്ങള്‍ കടത്തുകയാണ് എന്ന് സംശയം തോന്നിയ ഒരു വാഹനവും ഇസ്രയേല്‍ സൈന്യം തകര്‍ത്തിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് ഇരച്ചു കയറി ആയിരത്തിലധികം പേരെ കൊല്ലുകയും നിരവധി പേരെ തട്ടിക്കൊണ്ട് പോകുകയും ചെയ്തതിന് അടുത്ത ദിവസം മുതലാണ് ഹമാസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട്. ഹിസ്ബുള്ള ഭീകരര്‍ ഇസ്രയേലിലേക്ക് നിരന്തരമായി ആക്രമണം നടത്തിയിരുന്നത്്.

പിന്നീട് ഹിസ്ബുള്ളയുടെ ആസ്ഥാനമായ ലബനനിലേക്ക് എത്തിയ ഇസ്രയേല്‍ സൈന്യം ഹിസ്ബുള്ളയുടെ നിരവധി നേതാക്കളെ വധിക്കുകയാണ്. പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ച് ലബനനില്‍ നിരവധി പേരെ കൊലപ്പെടുത്തിയ ഇസ്രയേലിന്റെ പദ്ധതി ഹിസ്ബുള്ള നേതാക്കളെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഹിസ്ബുള്ള തലവനായ ഹസന്‍ നസറുള്ളയും കൊല്ലപ്പെട്ടു. ഇയാള്‍ക്കൊപ്പം ഹിസ്ബുള്ളയുടെ നിരവധി കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിരുന്നു.

പിന്നീട് ഇസ്രയേല്‍ നിലപാട് കൂടുതല്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ഹിസ്ബുള്ള വെടിനിര്‍ത്തലിന് തയ്യാറായത്. എന്നാല്‍ വെടിനിര്‍ത്തല്‍ സമയത്തും ഹിസ്ബുള്ള പല തവണ ഇസ്രയേലിലേക്ക് പല തവണ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നു. അതിന്റെ സ്വാഭാവികമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഹിസ്ബുള്ളക്ക് നല്‍കിയിരിക്കുന്നത്.