- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബെംഗളൂരുവിലെ മലയാളികളുടെ സ്ഥാപനം തട്ടിയെടുത്തത് കോടികള്‍: കേരളത്തിനകത്തും പുറത്തുമായി 350ലേറെ പേര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്:
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബെംഗളൂരുവിലെ മലയാളികളുടെ സ്ഥാപനം തട്ടിയെടുത്തത് കോടികള്‍
പുല്‍പള്ളി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം മലയാളികള്‍ മുങ്ങി. ബെംഗളൂരുവില്‍ മലയാളികള്‍ നടത്തിയ സ്ഥാപനമാണ് അനേകം പേരില്‍ നിന്നായി പണം തട്ടിയെടുത്തത്. ഇവര്‍ക്കെതിരെ ഒട്ടേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്. ബെംഗളൂരു രാമമൂര്‍ത്തിനഗറില്‍ മലയാളികള്‍ നടത്തുന്ന ജസ്റ്റ് സെറ്റ് ജേണി എന്ന സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെയാണ് പരാതി. കേരളത്തിനകത്തും പുറത്തുമായി 350ല്‍ ഏറെ പേര്‍ തട്ടിപ്പിനിരയായതായാണ് റിപ്പോര്‍ട്ട്.
ചെറിയ മുതല്‍മുടക്കില്‍ വിദേശജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കബളിപ്പിക്കപ്പെട്ടവര്‍ കൂട്ടത്തോടെ ബെംഗളൂരു രാമമൂര്‍ത്തിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പുല്‍പള്ളി, ആറളം, കണ്ണൂര്‍ സ്വദേശികളാണ് സ്ഥാപന നടത്തിപ്പുകാരെന്നു പരാതിക്കാരായ മനുബാബു, പി.കെ.സുനില്‍, കെ.എം.അനില്‍കുമാര്‍, ഡിജില്‍ ജോസഫ് എന്നിവര്‍ പറയുന്നു. സ്ഥാപനവുമായി ബന്ധമുണ്ടെന്നു പറയുന്ന പുല്‍പള്ളി സ്വദേശിനിയായ യുവതിയെ തിരഞ്ഞ് ഇന്നലെ മുപ്പത്തഞ്ചോളം പേര്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു.
പണം മടക്കി നല്‍കണമെന്ന ആവശ്യവുമായാണ് ഇവരെല്ലാം എത്തിയത്. ഭൂദാനത്ത് അവരുടെ വീടിനു സമീപത്തു റോഡിലിരുന്നു പ്രതിഷേധിച്ചവരെ പൊലീസെത്തി മടക്കിയയച്ചു. എറണാകുളത്തുനിന്നെത്തിയവരാണിവര്‍. കൈക്കുഞ്ഞുള്ള യുവതികളും സംഘത്തിലുണ്ടായിരുന്നു. പണം വാങ്ങിയതിനുള്ള രേഖകളും ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കിയിരുന്നു.
ഓസ്ട്രിയ, ലക്‌സംബര്‍ഗ്, ജര്‍മനി എന്നീ രാജ്യങ്ങളിലേക്കാണ് ജോലി വാഗ്ദാനമുണ്ടായത്. അണ്‍ സ്‌കില്‍ഡ് വിഭാഗത്തില്‍ ജോലിക്കുള്ള വീസയ്ക്കും മറ്റുമായി 3.5 ലക്ഷം രൂപയാണ് നിരക്ക്. തുടക്കത്തില്‍ 3 ഗഡുക്കളായി 1.5 ലക്ഷം രൂപ സ്ഥാപനം വാങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനകം വിദേശത്തേക്ക് കയറ്റിവിടുമെന്നും ബാക്കി തുക ജോലിയില്‍ പ്രവേശിച്ച ശേഷം ഗഡുക്കളായി നല്‍കിയാല്‍ മതിയെന്നുമായിരുന്നു വ്യവസ്ഥ.
എന്നാല്‍ അവധി കഴിഞ്ഞിട്ടും ആര്‍ക്കും വീസയോ, വര്‍ക് പെര്‍മിറ്റോ, എംബസികളുടെ അറിയിപ്പോ ലഭിച്ചില്ല. ഇതോടെയാണ് പണം നല്‍കിയവര്‍ക്ക് സംശയമായത്. ഫോണില്‍ ബന്ധപ്പെട്ടാലും കിട്ടാതായി. വഞ്ചിതരായവര്‍ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്. നല്‍കിയ പണമാവശ്യപ്പെട്ട് കഴിഞ്ഞദിവസം എറണാകുളത്തുനിന്നെത്തിയ യുവതികളെ ഏജന്റിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തി മടക്കിവിട്ടു. ഇന്നലെ കൂടുതല്‍ പേരെത്തിയതോടെ ഭൂദാനത്തെ വീട്ടില്‍നിന്നു യുവതി മുങ്ങിയെന്നാണു വിവരം.വീട്ടുകാരും കൈമലര്‍ത്തി.