പന്തളം: ക്രിപ്റ്റോ കറന്‍സി ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ 12, 17,697 രൂപ തട്ടിയെടുത്ത പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം കാളികാവ് അഞ്ചച്ചവടി വെള്ളയൂര്‍ വെന്താളം പടി പിലാക്കല്‍ ഹൗസില്‍ ജിന്‍ഷിദ് (21) ആണ് അറസ്റ്റിലായത്. ടെലിഗ്രാം ആപ്ലിക്കേഷന്‍ വഴി അയച്ചു കൊടുത്ത ലിങ്കിലൂടെ നേഹ എന്ന ടെലിഗ്രാം അക്കൗണ്ടില്‍ നിന്നും ബന്ധപ്പെട്ട് മോജ് എന്ന ആപ്പ് ഡൌണ്‍ലോഡ് ചെയ്യിപ്പിച്ച ശേഷം ക്രിപ്റ്റോ കറന്‍സി ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ലാഭം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മങ്ങാരം സ്വദേശിയെയാണ് ഇയാള്‍ കബളിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനും 14 നുമിടയിലുള്ള കാലയളവില്‍ ഇദ്ദേഹത്തിന്റെ തോന്നല്ലൂര്‍ എസ്.ബി.ഐ ശാഖ, അടൂര്‍ ഇസാഫ് ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടില്‍ നിന്നും പല തവണകളായിട്ടാണ് ഇത്രയും തുക വാങ്ങി എടുത്തത്. പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. നവംബറില്‍ തന്നെ വിശ്വാസവഞ്ചനയ്ക്കും ഐ.ടി നിയമപ്രകാരവും പോലീസ് കേസെടുത്തിരുന്നു.

പണം നഷ്ടപ്പെട്ടതിനു പരാതി സൈബര്‍ പോലീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതിയുടെ വണ്ടൂര്‍ കാനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നവംബര്‍ എട്ടിന് 99000 രൂപ എത്തുകയും പിന്‍വലിക്കുകയും ചെയ്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എ.എസ്.ഐ ബി.ഷൈന്‍, എസ്.സി.പി.ഓ ശരത് പി പിള്ള എന്നിവരാണ് പ്രത്യേക സംഘത്തില്‍ ഉണ്ടായിരുന്നത്.

ഈ കേസില്‍ ഉള്‍പ്പെട്ടത് കൂടാതെ രണ്ട് അക്കൗണ്ടുകള്‍ കൂടിയുണ്ടെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. മൂന്ന് അക്കൗണ്ടുകളും വിശദമായി പോലീസ് പരിശോധിച്ചുവരികയാണ്. ഇത്തരത്തില്‍ വേറെ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ആയതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ പോലീസ് അപേക്ഷ നല്‍കി. പ്രതി തട്ടിച്ചെടുത്ത പണം ആര്‍ക്ക് നല്‍കി എന്നതും വെളിവാക്കപ്പെടേണ്ടതുണ്ട്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കിപ്റ്റോ കറന്‍സി