ഭോപ്പാല്‍: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം റോഡില്‍ ഉപേക്ഷിച്ച ശേഷം റോഡപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അപകട മരണമെന്ന നിഗമനത്തിലായിരുന്ന കേസില്‍ നിര്‍ണായകമായത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണ്. സംഭവ സ്ഥലത്തെ തെളിവുകളും ഭര്‍ത്താവിന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് അപകട മരണമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.

മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ ഫെബ്രുവരി 12നാണ് പൂജ എന്ന 25കാരി മരിച്ചത്. ഗ്വാളിയോറില്‍ നിന്ന് നൗഗാവിലേക്ക് മടങ്ങുമ്പോള്‍ ഷീത്ല റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ പൂജ മരിച്ചെന്നാണ് ഭര്‍ത്താവ് പ്രദീപ് ഗുര്‍ജാര്‍ പറഞ്ഞത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും താന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നും പ്രദീപ് പറഞ്ഞു.

പക്ഷേ പ്രദീപിന്റെ മൊഴിയും സംഭവ സ്ഥലത്തെ തെളിവുകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് വിശദമായി അന്വേഷണം തുടങ്ങി. അപകടം നടന്നതിന്റെ വ്യക്തമായ തെളിവുകളോ രക്തക്കറയോ ഒന്നും സംഭവ സ്ഥലത്തുണ്ടായിരുന്നില്ല. ഫോറന്‍സിക് പരിശോധനാ ഫലവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചതോടെ പൂജയുടേത് അപകട മരണമല്ല എന്ന് തെളിഞ്ഞു. തലയിലും വയറ്റിലും ശക്തമായ അടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി.

ഇതോടെ പ്രദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. താന്‍ പൂജയെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രദീപ് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം റോഡപകടമെന്ന് തെറ്റിദ്ധരിപ്പിച്ച് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടുന്ന ഒരു ക്രൈം സീരീസ് താന്‍ കണ്ടിരുന്നുവെന്ന് പ്രദീപ് പറഞ്ഞു. സിസിടിവി ക്യാമറകളോ സാക്ഷികളോ ഇല്ലാത്ത സ്ഥലം കണ്ടുപിടിച്ച് പൂജയുടെ മൃതദേഹം കൊണ്ടുപോയി ഇടുകയായിരുന്നുവെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞു.

പ്രദീപും കുടുംബവും പൂജയെ 5 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പണം ലഭിക്കാതിരുന്നതോടെ പ്രദീപ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പ്രദീപിന്റെ അച്ഛന്‍ രാംവീര്‍ ഗുര്‍ജാറിനും ബന്ധുക്കളായ ബന്‍വാരി, സോനു ഗുര്‍ജാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു.