കൊല്ലം: കുഞ്ഞ് ജനിച്ചതിന് ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍, മണ്ണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

പിടിയിലായ പേയാട് സ്വദേശി മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയായിരുന്നു ലഹരി പാര്‍ട്ടി നടത്തിയത്. പത്തനാപുരത്തെ എം.എം. അപാര്‍ട്‌മെന്റ് എന്ന ലോഡ്ജില്‍ മുറിയെടുത്തായിരുന്നു സംഘത്തിന്റെ ആഘോഷം.

തിരുവനന്തപുരം സ്വദേശികള്‍ പത്തനാപുരത്തെത്തി ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന വിവരം എക്‌സൈസ് കമ്മിഷണര്‍ക്കാണ് ലഭിച്ചത്. തുടര്‍ന്ന് കൊല്ലം എക്‌സൈസ് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു. അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 46 മില്ലി ഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ചുകള്‍ എന്നിവ പിടികൂടി. ലഹരിയുടെ അളവ് കുറവായിരുന്നതിനാല്‍ നാലുപേര്‍ക്കും ജാമ്യം ലഭിച്ചു.