- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പട്ടിയെ എറിഞ്ഞതിന്റെ പേരില്‍ വാക്കേറ്റവും തമ്മിലടിയും; തിരുവല്ല ഓതറ ഈസ്റ്റില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ബന്ധു റിമാന്‍ഡില്‍: ഇരുകൂട്ടരും തമ്മില്‍ വഴക്കും അടിയും പതിവെന്ന് പോലീസ്
ഓതറ ഈസ്റ്റില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ബന്ധു റിമാന്‍ഡില്‍
തിരുവല്ല: അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ബന്ധുവായ പ്രതിയെ റിമാന്‍ഡ് ചെയ്തു. തിരുവല്ല ഈസ്റ്റ് ഓതറയില്‍ കഴിഞ്ഞദിവസം രാത്രിയാണ് കൊലപാതകം നടന്നത്. ഈസ്റ്റ് ഓതറ തൈക്കാട്ടില്‍ വീട്ടില്‍ മനോജ് (34) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ ഈസ്റ്റ് ഓതറ തൈക്കാട്ടില്‍ വീട്ടില്‍ വിക്രമനെന്ന ടി.കെ.രാജന്‍ (56) ആണ് പ്രതി. കുത്തേറ്റ മനോജിനെ ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. അടിപിടിയ്ക്കിടെ മനോജിനൊപ്പമുണ്ടായിരുന്ന രതീഷിനും കുത്തേറ്റു.
13 ന് രാത്രി ഒമ്പതിന് ശേഷം തൈക്കാട്ടു വീട്ടില്‍ സോമന്‍ അയല്‍ വാസിയായ രതീഷിന്റെ വീട്ടില്‍ വളര്‍ത്തുന്ന പട്ടിയെ എറിഞ്ഞതിനെപ്പറ്റി ഇരുകൂട്ടരും തമ്മില്‍ വഴക്കുണ്ടായി. പട്ടിയെ ഉപദ്രവിച്ചത് ചോദിക്കാനെത്തിയ രതീഷുമായി സോമന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും വീട്ടിലെത്തുകയും വഴക്കുണ്ടാവുകയുമായിരുന്നു. ഇതില്‍ രതീഷിന്റെ കുഞ്ഞമ്മയുടെ മകനായ മനോജ് ഇടപെട്ടു. തുടര്‍ന്ന് സോമന്‍ മനോജുമായി തര്‍ക്കമായി. ഇതിനിടെ സോമന്റെ ജ്യേഷ്ഠനായ രാജന്റെ മകന്‍ അഖില്‍ രതീഷിനെ അടിച്ചു. ഇതിന് ശേഷം 10.30 ഓടെ രതീഷിനെ തല്ലിയതിനെപ്പറ്റി ചോദിക്കാനായി രതീഷും മനോജും അഖിലിന്റെ വീട്ടിലേക്ക് എത്തി. അഖില്‍ ഈസമയം വീട്ടില്‍ ഇല്ലായിരുന്നു. ഇരുവരും ഇയാളുടെ അച്ഛന്‍ രാജനും അമ്മ സുജാതയുമായി വീട്ടുമുറ്റത്ത് വച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
രതീഷിന്റെ ഭാര്യ രശ്മിയുടെ നൈറ്റി തുടര്‍ന്നുണ്ടായ പിടിവലിക്കിടെ കീറി. തുടര്‍ന്ന് വസ്ത്രം മാറാന്‍ ഇവര്‍ വീട്ടിലേക്ക് പോയി തിരിച്ചുവന്നപ്പോള്‍, രാജന്റെ വീട്ടുമുറ്റത്ത് രതീഷും മനോജും വീണുകിടക്കുന്നതാണ് കണ്ടതെന്ന് രശ്മിയുടെ മൊഴിയില്‍ പറയുന്നു. രതീഷിന്റെ വയറ്റില്‍ മുറിവുണ്ടായിരുന്നതായും വഴക്കിനിടെ രാജന്‍ കത്തികൊണ്ട് കുത്തിയതായി രതീഷ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. മനോജിനെ തട്ടിവിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു. ഓടിക്കൂടിയവര്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാജന്‍ കട്ടിലില്‍ വച്ചിരുന്ന കത്തി കൊണ്ട് മനോജിന്റെ ഇടതുനെഞ്ചിലും വയറ്റിലും കുത്തി മുറിവേല്‍പ്പിച്ചതായും അടിപിടിക്കിടെ ഇയാള്‍ക്കു തലയ്ക്ക് പരുക്കു പറ്റിയതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് രാജനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്ത രതീഷിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവല്ല പോലീസ് സ്റ്റേഷനിലെത്തിച്ചു.
പ്രതി രാജന്‍ വീട് വെക്കുന്നതിനായി കരുതിവച്ച ഒന്നര ലക്ഷം രൂപ, ബന്ധുവായ മനോജിന്റെ മകന്‍ മഹി പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിച്ചതിലുള്ള മുന്‍വിരോധം നിലവിലുണ്ടായിരുന്നു. പ്രതിയുടെ മകന്‍ അടിച്ചതു ചോദ്യം ചെയ്യാനായി രതീഷ് പ്രതിയുടെ വീട്ടില്‍ കൊല്ലപ്പെട്ട മനോജുമായെത്തിയുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കിടെ മുന്‍വൈരാഗ്യത്താല്‍ രാജന്‍ കത്തികൊണ്ട് മനോജിന്റെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച രതീഷിന്റെ വയറ്റില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
രതീഷും സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണ് രണ്ടാം ഭാര്യയാണ് രശ്മി. സംഭവം നടന്ന സ്ഥലം കോളനിയാണ്. ഇവരെല്ലാം ബന്ധുക്കളും അയല്‍വാസികളുമാണ്. മാസങ്ങള്‍ക്ക് മുമ്പ് ലൈഫ് പദ്ധതി പ്രകാരം രാജന്റെ ഭാര്യ സുജാതയ്ക്ക് ലഭിച്ച പണത്തില്‍ നിന്നും എടിഎം കാര്‍ഡ് ഉപയോഗിച്ച് മനോജിന്റെ മകന്‍ പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പണം തിരികെ നല്‍കാമെന്ന് കുടുംബം ഏറ്റുവെങ്കിലും നാമമാത്രമായ തുക മാത്രമേ കൊടുത്തുള്ളൂ. ഈ സംഭവത്തില്‍ ഇരു വീട്ടുകാരും തമ്മില്‍ ശത്രുത നിലവിലുണ്ട്. മദ്യപിക്കുമ്പോഴൊക്കെ ഇതേചൊല്ലി പരസ്പരം വഴക്കുണ്ടാക്കുകയും പതിവാണ്.
രാജനും കുടുംബവും ഇപ്പോഴും ഷെഡ് കെട്ടി അതിനുള്ളിലാണ് കഴിയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മനോജിന്റെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി രതീഷിനെ പോലീസ് വിട്ടയച്ചു, ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നടന്നു, വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ അറിയിച്ചു. രാജനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ് ഐ ഉണ്ണികൃഷ്ണന്‍, എ എസ് ഐ ജയകുമാര്‍, എസ് സി പി ഓ പുഷ്പദാസ് എന്നിവരാണ് ഉള്ളത്.