കോഴിക്കോട്: യുപിഐ സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തി വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്ന് 68000 തട്ടിയെടുത്ത യുവാവ് പിടിയില്‍. വില്യാപ്പള്ളി കൊളത്തൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ഉടമയായ വട്ടപ്പൊയില്‍ അഹമ്മദിന്റെ അക്കൗണ്ടില്‍ നിന്നാണ് 68,000 രൂപ നഷ്ടമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അരമണിക്കൂര്‍ ഇടവിട്ട് രണ്ടുതവണയായി ആണ് പണം അക്കൗണ്ടില്‍ നിന്ന് പോയത്. പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാപാരസ്ഥാപനങ്ങളില്‍ യുപിഐ അക്കൗണ്ട് സംവിധാനം സജ്ജമാക്കുന്ന സ്ഥാപനത്തില്‍ ടെക്‌നിക്കല്‍ സ്റ്റാഫായിരുന്ന മുഹമ്മദ് റാഷിദ് പിടിയിലായത്.

പേടിഎം സെറ്റ് ചെയ്യുന്ന സ്ഥാപനത്തില്‍ ടെക്‌നിക്കല്‍ ജീവനക്കാരനായിരുന്നു മുഹമ്മദ് റാഷിദ്. ജോലിയില്‍ സാമ്പത്തിക തിരിമറികള്‍ കണ്ടെത്തിയതോടെ ഇയാളെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു. പണി പോയെങ്കിലും റാഷിദ് ഇക്കാര്യം പുറത്താരോടും പറഞ്ഞില്ല . പ്രത്യേകിച്ചും സേവനം സ്വീകരിച്ചിരുന്ന വ്യാപാരികളോട്. ജോലി പോയാലും കൈമുതലായി പ്രവര്‍ത്തി പരിചയമുണ്ടല്ലോ. കക്ഷി അതേജോലി സ്വന്തം നിലയില്‍ തുടര്‍ന്നു. ഇതിനിടെയാണ് വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തത്.

യുപിഐ സംവിധാനത്തില്‍ തകരാറുണ്ടാകുമ്പോള്‍ വ്യാപാരികള്‍ നേരിട്ട് റാഷിദിനെ വിളിക്കുകയായിരുന്നു പതിവ്. തകരാര്‍ പരിഹരിക്കാനായി വ്യാപാരസ്ഥാപനങ്ങളിലെത്തുന്ന റാഷിദ് ഉടമകളുടെ അക്കൗണ്ടുകളില്‍ നിന്ന് ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഇത്തരത്തില്‍ പലരില്‍ നിന്നായി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് വിവരം. വ്യാപാരികളുടെ സാങ്കേതിക പരിജ്ഞാനക്കുറവ് മുതലാക്കിയാണ് തട്ടിപ്പ് .

യുപിഐ തകരാര്‍ ആധാര്‍ ലിങ്ക് ചെയ്യാത്തതിനാലാണെന്ന് ബോധ്യപ്പെടുത്തി അവരുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കും . തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് പിന്‍ നമ്പരും ചോദിച്ച് മനസിലാക്കും . അതിന് ശേഷം ബാങ്ക് ആപ്പില്‍ കയറി പണം സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്യും . ചോറോട്, വില്യാപ്പള്ളി, അമരാവതി എന്നിവടങ്ങളിലെ കടക്കാരാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്.

വട്ടപ്പൊയില്‍ അഹമ്മദിന്റെ അക്കൗണ്ട് പരിശോധിച്ചതില്‍ നിന്ന് പണം തട്ടിയെടുത്തത് റാഷിദാണെന്ന് ബോധ്യപ്പെട്ടു . തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു