- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാണാതായ ആണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍; മൃതദേഹം തിരിച്ചറിയാന്‍ മാതാപിതാക്കളെ വിളിച്ചുവരുത്തി; ഡി.എന്‍.എ പരിശോധനയ്ക്കുള്ള പരാതി പിന്‍വലിപ്പിച്ചു; നാല് ലക്ഷം രൂപ നഷ്ടപരിഹാരവും; 70 ദിവസത്തിന് ശേഷം ജീവനോടെ തിരിച്ചെത്തി
മരിച്ചെന്ന് കരുതിയ ആണ്‍കുട്ടി 70 ദിവസത്തിന് ശേഷം ജീവനോടെ തിരിച്ചെത്തി
പട്‌ന: ബിഹാര്‍ ദര്‍ഭംഗയില്‍ കാണാതായ ആണ്‍കുട്ടി മരിച്ചെന്ന് വിധിയെഴുതി നഷ്ടപരിഹാരം കുടുംബത്തിന് നല്‍കിയ സംഭവത്തിന് അപ്രതീക്ഷിത ട്വിസ്റ്റ്. കാണാതായ ആണ്‍കുട്ടി 70 ദിവസങ്ങള്‍ക്ക് തിരിച്ചെത്തി. ഫെബ്രുവരി എട്ടിനാണ് കുട്ടിയെ കാണാതായതായി കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം 45,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ കുടുംബം 5,000 രൂപയാണ് കൈമാറിയത്.
ഫെബ്രുവരി 28 ന് ഗുരുതരമായി പരിക്കേറ്റ ഒരു ആണ്‍കുട്ടിയെ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ച്ച് 1 ന് കുട്ടി മരണമടഞ്ഞു. കാണാതായ കുട്ടിയുടെ മാതാപിതാക്കളെയും മൃതദേഹം തിരിച്ചറിയാന്‍ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ ഡി.എന്‍.എ പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തി ഡി.എന്‍.എ പരിശോധനയ്ക്കുള്ള അപേക്ഷ പിന്‍വലിപ്പിച്ചു. സര്‍ക്കാരില്‍ നിന്ന് കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിച്ചു.
കാണാതായ ആണ്‍കുട്ടി മരിച്ചെന്ന് കരുതിയ കുടുംബാംഗങ്ങളെ പോലും ഞെട്ടിച്ചാണ് 70ാം ദിവസം അപ്രതീക്ഷിതമായി ജീവനോടെ കണ്ടെത്തിയത്. കുട്ടി കഴിഞ്ഞ ദിവസം ദര്‍ഭംഗ ജില്ലാ കോടതിയില്‍ നേരിട്ട് ഹാജരായി തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കുകയായിരുന്നു. ക്രിക്കറ്റ് കളിക്കുന്നതിനിടെ അജ്ഞാതരായ നാലാളുകള്‍ തുണി വായില്‍ തിരുകി വണ്ടിയില്‍ കയറ്റിയില്‍ കൊണ്ടുപോകുകയായിരുന്നു. പിന്നീട് നടന്നതൊന്നും തനിക്ക് ഓര്‍മയില്ലെന്നും കുട്ടി പറഞ്ഞു.
കുറെ കഴിഞ്ഞാണ് തന്നെ നേപ്പാളിലേക്കാണ് തട്ടിക്കൊണ്ടുവന്നതെന്ന് മനസിലായത്. അവിടെ നിന്ന് കുട്ടി രക്ഷപ്പെടുകയായിരുന്നു. കുട്ടി ജീവനോടെയുണ്ടെന്ന് വീഡിയോ കോള്‍ വഴി അറിയിച്ചതായി കുടുംബം കോടതിയെ അറിയിച്ചു. തുടര്‍ന്ന് സഹോദരന്‍ നേപ്പാളിലേക്ക് പോയി അവനെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തിരിച്ചെത്തിയ ശേഷം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുപകരം നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കുട്ടി തീരുമാനിച്ചു.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.