- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് തോന്നിയ സംശയം; കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ നാലു വയസുകാരിയെ കണ്ടെത്തി; തമിഴ്‌നാട് സ്വദേശിനി കസ്റ്റഡിയില്‍; കുട്ടിയെ തട്ടിയെടുത്തത് വീടുവിട്ട അമ്മയില്‍ നിന്നും
കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ നാലു വയസുകാരിയെ കണ്ടെത്തി
കൊല്ലം: കൊല്ലത്തു നിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ പന്തളത്ത് നിന്നും കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് കുട്ടിയെ തിരികെ കിട്ടുന്നതിനിടയാക്കിയത്. നാടോടി സ്ത്രീയേയും കുട്ടിയേയും പന്തളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പത്തനാപുരം കുന്നിക്കോട് സ്വദേശിയായ നാലുവയസ്സുകാരിയാണ് കണ്ടെത്തിയത്.
മാനസിക വെല്ലുവിളി നേരിടുന്ന അമ്മ കുട്ടിയുമായി കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അമ്മയുടെ പക്കല്‍ നിന്നും കുട്ടിയെ നാടോടി സ്ത്രീ തട്ടിയെടുത്തത്.
ചൊവ്വാഴ്ച ഉച്ചക്ക് 12.30തോടെ കൊട്ടാരക്കരയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സംശയം തോന്നിയ കണ്ടക്ടര്‍ ഇരുവരെയും പൊലീസിന് കൈമാറുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ദേവിയെയാണ് കസ്റ്റഡിയിലെടുത്തത്.
അമ്മക്കൊപ്പം കൊല്ലം ബീച്ചില്‍ എത്തിയ പെണ്‍കുട്ടിയെ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ വച്ച് കാണാതാവുകയായിരുന്നു. പന്തളത്തിന് സമീപത്തു നിന്നും പെണ്‍കുട്ടിയുമായി ചെങ്ങന്നൂര്‍ ഡിപ്പോയിലെ ബസില്‍ കയറിയ തമിഴ്‌നാട് സ്വദേശിനി 30 രൂപ നല്‍കി തൃശ്ശൂരിലേക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിലും കുഞ്ഞുമായുള്ള സാമ്യത്തിലും സംശയം തോന്നിയ കണ്ടക്ടറാണ് ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടിയെ കാണാതായ വിവരം ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് കുന്നിക്കോട് പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. കളിപ്പാട്ടങ്ങളും ബിസ്‌കറ്റും നല്‍കി കുട്ടിയെ പന്തളം പൊലീസ് സ്റ്റേഷനില്‍ സംരക്ഷിച്ചു വരികയാണ്. കുന്നിക്കോട്ടുള്ള ബന്ധുക്കളെ കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ചിട്ടുണ്ട്.