- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അയല്‍വാസിയെ റെയില്‍വേ ട്രാക്കിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസ്; ദൃക്സാക്ഷികളുടെയും ഫോറന്‍സിക് സര്‍ജന്റെയും മൊഴി നിര്‍ണായകമായി: പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും
അയല്‍വാസിയെ റെയില്‍വേ ട്രാക്കിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
തിരുവനന്തപുരം: അയല്‍വാസിയെ റെയില്‍വേ ട്രാക്കില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. ആത്മഹത്യയെന്ന് പ്രതിഭാഗം വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച കേസാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മുരുക്കുംപുഴ ചെറുകായല്‍ കര മാടന്‍കാവ് ക്ഷേത്രത്തിന് സമീപം പുത്തന്‍വീട്ടില്‍ പ്രമോജിനെ (42) യാണ് അയല്‍വാസി രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം ഏഴാം അഡീ. സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴ തുക മരിച്ച രാജുവിന്റെ ഭാര്യയും കേസിലെ ഒന്നാം സാക്ഷിയുമായ സതിക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2017 ഡിസംബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ രാജുവിനെ റെയില്‍വേ ട്രാക്കിലിട്ട് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. ദൃക്സാക്ഷികളുടെയും ഫോറന്‍സിക് സര്‍ജന്റെയും മൊഴി കേസില്‍ നിര്‍ണായകമായതോടെയാണ് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച കേസ് കൊലപാതകമായത്.
പ്രമോജിനെ മുന്‍പ് ദേഹോപദ്രവം ഏല്‍പ്പിച്ചതിന്റെ വിരോധം കാരണം അയല്‍ വാസി കൂടിയായ രാജുവിനെ റെയില്‍വേ ട്രാക്കിലിട്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാല്‍ രാജു ട്രാക്കില്‍ മറിഞ്ഞ് വീണ് തല ഇടിച്ച് മരിച്ചെന്നായിരുന്നു പ്രതിഭാഗം വാദം. ദൃക്സാക്ഷികളായ സതി, അബരീഷ് എന്നിവര്‍ പ്രതി, രാജുവിനെ തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നത് കണ്ടതായി മൊഴി നല്‍കി. പ്രതിയുടെ മരണം തലക്കേറ്റ മാരകമായ പരുക്കുകളാണെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷാരിജ മൊഴി നല്‍കിയതും നിര്‍ണ്ണായകമായി. 28 സാക്ഷികള്‍, 13 രേഖകള്‍, ഏഴ് തൊണ്ടിമുതലുകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. മംഗലാപുരം പൊലീസാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.