താമരശ്ശേരി: മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി വീടുവിട്ടോടിയ യുവതിയേയും മകളേയും രക്ഷിച്ചത് നാട്ടുകാര്‍. വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് വീടിനു ചുറ്റും ഓടിച്ചതോടെയാണ് യുവതി കുഞ്ഞുമായി വീടുവിട്ടോടിയത്. ഭര്‍ത്താവിന്റെ ആക്ര്മണത്തില്‍ പരിക്കേറ്റ യുവതിയേയും മകളേയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മക്കളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്.

മയക്കുമരുന്ന് ലഹരിയില്‍ വീട്ടിലെത്തിയ നൗഷാദ് ഭാര്യയെ ക്രൂരമായി ആക്രിച്ചു. തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായി യുവതി പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകള്‍ക്കും ഒപ്പമുണ്ടായിരുന്ന മാതൃമാതാവിനും പരിക്കേറ്റതായും നസ്ജ പറഞ്ഞു. രാത്രി 10 മണിക്ക് ആരംഭിച്ച മര്‍ദനം രണ്ടു മണിക്കൂറോളം തുടര്‍ന്നു. എന്നിട്ടും വിടാന്‍ ഭാവമില്ലാതായതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്.

ആക്രമണ സമയം തന്റെ വല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു. വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ പീഡനം തുടരുന്നുണ്ടെങ്കിലും ഇത്തവണ കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായതോടെയാണ് പ്രാണരക്ഷാര്‍ത്ഥം റോഡിലേക്ക് ഇറങ്ങി ഓടിയതെന്ന് യുവതി പറയുന്നു. ഇനിയും പിന്തുടര്‍ന്ന് വന്നാല്‍ ഏതെങ്കിലും വാഹനത്തിനു മുന്നില്‍ ചാടി ജീവനൊടുക്കുമായിരുന്നെന്നും നസ്ജ പറഞ്ഞു. നസ്ജയും, മകളും, വല്ല്യുമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടില്‍ നിരന്തരം പ്രശ്ങ്ങള്‍ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാര്‍ പറഞ്ഞു. മകളെ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് നാലുദിവസമായി യുവതിയും മകളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്.