കരൌലി: വിവാഹ ചടങ്ങിനിടെ പെണ്‍സുഹൃത്തിന്റെ ഫോണ്‍കോള്‍ വരന്‍ എടുത്തതിന്റെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ വിവാഹം മുടങ്ങി. താലി കെട്ടിന് പിന്നാലെ അഗ്‌നിയെ വലം വയ്ക്കുന്നത് പൂര്‍ത്തിയാക്കാതെ മൊബൈല്‍ ഫോണില്‍ വരന്‍ സംസാരിച്ചതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. പിന്നാലെ വിവാഹം റദ്ദാക്കി വധുവിന്റെ വീട്ടുകാര്‍ നിയമ നടപടിക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു.

അഗ്‌നിക്ക് ചുറ്റും ഏഴ് തവണ വലം വയ്ക്കുന്ന ചടങ്ങിനിടെ തുടര്‍ച്ചയായി വരന്റെ ഫോണ്‍ റിംഗ് ചെയ്യുകയായിരുന്നു. ആറാം തവണ അഗ്‌നിയെ വലം വയ്ക്കുന്നതിനിടെ ഫോണ്‍ എടുത്ത് യുവാവ് സംസാരിക്കാന്‍ ആരംഭിച്ചു. ഇതോടെ ചടങ്ങ് തടസപ്പെടുകയായിരുന്നു. രാജസ്ഥാനിലെ കരൌലിയിലാണ് സംഭവം. വനിതാ സുഹൃത്തായിരുന്നു യുവാവിനെ നിരന്തരം വിളിച്ചുകൊണ്ടിരുന്നതെന്നതാണ് വധുവിന്റെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്.

ശനിയാഴ്ചയായിരുന്നു സംഭവം. കരൌലിയിലെ നദോതിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ പുരോഗമിച്ചിരുന്നത്. ചടങ്ങുകള്‍ തടസപ്പെട്ടതിന് പിന്നാലെ വരനേയും ബന്ധുക്കളേയും വധുവിന്റെ വീട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും സ്ഥലത്തെ പ്രധാനികള്‍ ഇടപെട്ട് പൊലീസ് കേസില്‍ നിന്ന് ഇരുകൂട്ടരേയും പിന്തിരിപ്പിക്കുകയായിരുന്നു.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി വരന്‍ വ്യക്തമാക്കിയത്. വിവാഹ ചടങ്ങുകള്‍ക്കായി 56 ലക്ഷം രൂപയോളമാണ് വധുവിന്റെ വീട്ടുകാര്‍ ചെലവിട്ടത്. ഈ തുക വധുവിന്റെ വീട്ടുകാര്‍ക്ക് നല്‍കാനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മേഖലയില്‍ ഇരു കൂട്ടര്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാവാതിരിക്കാനുള്ള കരുതലിലാണ് പൊലീസുള്ളത്.

സമാനമായ മറ്റൊരു സംഭവത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വരന്റെ സുഹൃത്തുക്കളുടെ മോശം പെരുമാറ്റം മൂലം ഹരിദ്വാറില്‍ ഒരു വിവാഹം മുടങ്ങിയിരുന്നു. വധുവിന്റെ അടുത്ത ബന്ധുക്കളായ യുവതികളെ വരന്റെ സുഹൃത്തുക്കള്‍ കമന്റടിച്ചതിന് പിന്നാലെയുണ്ടായ വാക്കേറ്റം കയ്യേറ്റത്തിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു ഇത്.