ഓസ്റ്റിൻ: ദിവസം തോറും മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന പല വൈകൃതമായ പ്രവർത്തികളാണ് നടക്കുന്നത്. അതുപോലെയാണ് കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുന്നത്. ഇപ്പോഴിതാ, ടെക്സസിൽ നടന്ന ഒരു ഭീതിപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. കൗമാരക്കാരനായ മകന് ആയുധങ്ങൾ വാങ്ങി നൽകിയ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

ശേഷം അമ്മ വാങ്ങി നൽകിയ ആ ഷാർപ്പ് ആയുധവുമായി കുട്ടി തന്റെ സ്കൂൾ അക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് ഞെട്ടലോടെ വെളിപ്പെടുത്തി. ടെക്സാസിലാണ് മനുഷ്യ മനസാക്ഷിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവം നടന്നത്. സ്വന്തം മാതാവിന് എങ്ങനെ ഇങ്ങനെയൊകെ ചെയ്യാൻ കഴിയുന്നു എന്നാണ് പലരും ചോദിക്കുന്നത്.

അക്രമം നടത്താൻ മകനെ സഹായിച്ചതിന് 33 -കാരിയായ ആഷ്‌ലി പാർഡോയെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, അതേ ദിവസം തന്നെ കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് വീട്ടിൽ നിർമ്മിച്ച ഒരു മോർട്ടാർ കണ്ടെത്തിയതായി കുട്ടിയുടെ മുത്തശ്ശിയും പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതിൽ 'ഫോർ ബ്രെന്റൺ ടാരന്റ്' എന്ന് എഴുതിയിരുന്നത്രെ. ഇത് 2019 -ലെ ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് പള്ളി വെടിവയ്പ്പിൽ 51 പേരെ കൊലപ്പെടുത്തിയ വ്യക്തിയെ പരാമർശിക്കുന്നതാണെന്നാണ് പറയുന്നത്.

ആഷ്ലിയുടെ 14 വയസ്സുള്ള മകന്, കൂട്ട വെടിവയ്പ്പു നടത്തുന്നവരോട് ആരാധനയാണ് എന്നാണ് അധികൃതർ പറയുന്നത്. സാൻ അന്റോണിയോയിലെ ജെറമിയ റോഡ്‌സ് മിഡിൽ സ്‌കൂളിൽ കൂട്ടക്കൊല നടത്താൻ 14 -കാരൻ പദ്ധതിയിട്ടിരുന്നു എന്നാണ് അധികൃതർ പറയുന്നത്. തിങ്കളാഴ്ച കുട്ടി സ്കൂളിൽ എത്തിയത് അത്തരത്തിലുള്ള വസ്ത്രങ്ങളും മറ്റും ധരിച്ചാണ്. ഇത് അധികൃതരെ ഭയപ്പെടുത്തുകയും കുട്ടി പിന്നീട് സ്കൂളിലേക്ക് വീണ്ടും വരുമെന്നും ​ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അക്രമങ്ങൾ നടത്തുമെന്ന ആശങ്കയുണ്ടാക്കുകയും ചെയ്തു.

കുട്ടിയെ സ്കൂളിന് മുന്നിൽ തടഞ്ഞുവയ്ക്കുകയും പിന്നീട് അവനുമേലെ കുറ്റം ചുമത്തുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശി തന്നെയാണ് കുട്ടിയുടെ അമ്മ അവന് തോക്ക് അടക്കമുള്ള ആയുധങ്ങൾ വാങ്ങി നൽകിയെന്നും കൊല്ലാനുള്ള അവന്റെ ആ​ഗ്രഹത്തിന് പിന്തുണ നൽകിയെന്നും പറഞ്ഞത്.

കുട്ടി മുത്തശ്ശിയോട് താൻ പ്രശസ്തനാവാൻ പോവുകയാണ് എന്നും അക്രമം നടത്തുമെന്നും സൂചിപ്പിക്കുകയും ചെയ്തിരുന്നു. ആഷ്ലി മകന് അക്രമം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മാ​ഗസിനുകളും മറ്റും വാങ്ങി നൽകിയിരുന്നു എന്നും മുത്തശ്ശി വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.