കോഴിക്കോട്: ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ് അപകടം. കോഴിക്കോട് രാമനാട്ടുകരയ്ക്ക് അടുത്ത് പെരുമുഖത്താണ് ഇന്ന് വൈകിട്ടോടെ അപകടമുണ്ടായത്.

കാര്‍ പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ വീട്ടില്‍ തന്നെയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങല്‍ പറമ്പ് വൃന്ദാവനത്തില്‍ സ്‌നേഹലത (60) ഓടിച്ച കാറാണ് 14 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

ഇവര്‍ കാര്‍ പിറകോട്ട് എടുക്കുന്നതിനിടയില്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ സ്‌നേഹലതക്ക് നിസ്സാര പരിക്കേറ്റു. താഴ്ചയുള്ള കിണറ്റിലേക്ക് കാറിന്റെ പിറകുവശം ആദ്യം വീണതിനാലാണ് വലിയ അപകടം ഒഴിവായത്.

കാറിന്റെ പിന്‍ഭാഗം കിണറിലെ വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും മുന്‍ഭാഗം ഉയര്‍ന്നുനിന്നിരുന്നതിനാല്‍ സ്‌നേഹലതയെ ഡോര്‍ തുറന്ന് പുറത്തേക്ക് കൊണ്ടുവരാനായി. ഫയര്‍ഫോഴ്‌സെത്തിയാണ് സ്‌നേഹലതയെ പുറത്തെത്തിച്ചത്.

ഡ്രൈവിങ് പഠിച്ച സ്‌നേഹലത കാര്‍ സ്ഥിരമായി റിവേഴ്‌സ് ഗിയര്‍ എടുത്തു പഠിക്കാറുണ്ട്. കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. സ്‌നേഹലതയെ പുറത്തെത്തിച്ച ശേഷം കാര്‍ മിനി ക്രെയിന്‍ എത്തിച്ച് ആറരയോടെ കിണറ്റില്‍ നിന്നെടുത്തു.