- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊലയ്ക്കു പ്രേരിപ്പിച്ച കാര്യങ്ങളെ കുറിച്ച് കൂടുതലൊന്നും അമ്മ ഇനിയും പോലീസിനോടു പറഞ്ഞിട്ടില്ല; തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷ; അച്ഛനേയും ചോദ്യം ചെയ്യും; പോസ്റ്റ്മോര്‍ട്ടത്തില്‍ പോക്സോ പീഡനം സ്ഥിരീകരിച്ചു; ആ ബന്ധു കുറ്റസമ്മതവും നടത്തി; ചാലക്കുടി പുഴയില്‍ കുട്ടിയെ എറിഞ്ഞു കൊന്നത് പീഡനം അറിഞ്ഞ അമ്മയുടെ മനോവിഷമമോ?
കൊച്ചി: അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസ്സുകാരി പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. കുട്ടിയുടെ അച്ഛന്റെ അടുത്തബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പുത്തന്‍കുരിശ് ഡിവൈഎസ്പി വി ടി ഷാജന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. പോക്സോ കേസും ചുമത്തി. ഇയാള്‍ കുറ്റസമ്മതം നടത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അച്ഛന്റെ അടുത്തബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. മറ്റുചിലരെയും ചോദ്യം ചെയ്തിരുന്നെങ്കിലും വൈകിട്ടോടെ വിട്ടയച്ചു. പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടിയുടെ അച്ഛനെയും റിമാന്‍ഡിലുള്ള അമ്മയെയും ചോദ്യം ചെയ്യും. തിങ്കള്‍ രാത്രിയാണ് മൂഴിക്കുളം പാലത്തിനുമുകളില്‍നിന്ന് അമ്മ കുട്ടിയെ ചാലക്കുടി പുഴയിലേക്ക് എറിഞ്ഞുകൊന്നത്. ചൊവ്വ പുലര്‍ച്ചെ 2.15 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും സൂചനയുണ്ട്. ഇതിന്റെ മാനസിക വിഷമമാണോ കൊലയ്ക്ക് കാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ കേസില്‍ അച്ഛന്റെ മൊഴി അതിനിര്‍ണ്ണായകമാകും.
മൂന്നര വയസ്സുകാരിയെ ചാലക്കുടി പുഴയിലെറിഞ്ഞുകൊന്നത് കൃത്യമായി ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മകളെ കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടുകൂടി തന്നെയാണ് അമ്മ അങ്കണവാടിയിലേക്ക് പോകുന്നതെന്നും ആദ്യം പെരിയാറില്‍ തള്ളാനാണ് ലക്ഷ്യമിട്ടതെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇവിടെ ഓട്ടോ ഡ്രൈവര്‍മാരെ കണ്ടപ്പോള്‍ പിന്‍വാങ്ങുകയായിരുന്നു. മകളെ കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടുകൂടി തന്നെയാണ് അങ്കണവാടിയിലേക്ക് ചെല്ലുന്നത്. ഈ സമയം കുഞ്ഞ് ഭക്ഷണം കഴിക്കുകയായിരുന്നു. കഴിച്ചുതീരുന്നതുവരെ അങ്കവാടിയില്‍ കാത്തുനിന്നു. ശേഷം കുഞ്ഞുമായി പോകുകയായിരുന്നു. സാധാരണ ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് പോകാറ്. അങ്കണവാടിയില്‍ നിന്ന് ഒരു കിലോമീറ്ററില്‍ താഴെ മാത്രമേ ഇവിടേക്കുള്ളൂ. എന്നാല്‍ അവര്‍ അന്ന് നേരേ പോയത് തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്കാണ്. അവിടെ നിന്ന് തിരുവാങ്കുളത്തേക്ക് ബസ് കയറി. തിരുവാങ്കുളത്ത് ബസ് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് ആദ്യം ലഭിച്ചത്. പിന്നീടാണ് ആലുവ ഭാഗത്തേക്ക് പോകുന്നത്.
ആലുവ മണപ്പുറം ഭാഗത്തെത്തി കുഞ്ഞുമായി കുറേയേറെ നേരം നിന്നു. ഇവിടെ അമ്മയും കുഞ്ഞും കൂടി നില്‍ക്കുന്നത് കണ്ട സമീപത്തെ ഓട്ടോക്കാരില്‍ ഒരാള്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇയാള്‍ പറഞ്ഞതനുസരിച്ച് മറ്റൊരു ഓട്ടോക്കാരനാണ് അമ്മയുടെ അടുത്തെത്തി കാര്യങ്ങള്‍ ചോദിക്കുന്നത്. തന്റെ വീട് ആലുവയാണെന്നും കാഴ്ച കാണാന്‍ വന്നതാണെന്നും പറഞ്ഞ് ഇവര്‍ അവിടെ നിന്നും മുങ്ങി. അവിടെ ആളുകള്‍ ഉണ്ടായിരുന്നത് കൊണ്ടാകാം കുഞ്ഞിനെ അവിടെ ഉപേക്ഷിക്കാതിരുന്നത്. തുടര്‍ന്നാണ് മൂഴിക്കുളം പാലത്തിലെ വിജനമായ സ്ഥലത്തെത്തി കുഞ്ഞിനെ പുഴയിലേക്ക് എറിയുന്നത്. തുടര്‍ന്ന് അമ്മ സ്വന്തം വീട്ടിലേക്ക് യാതൊരു കൂസലുമില്ലാതെ പോകുകയായിരുന്നു. ഇതിനെല്ലാം കാരണം കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നത് അമ്മ അറിഞ്ഞതാണോ എന്ന സംശയം ഉണ്ട്. പോലീസിന്റെ ഇനിയുള്ള ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും.
അതേസമയം കുഞ്ഞും അമ്മയും ആലുവയില്‍നിന്ന് മാളയ്ക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്തത് ബസ് കണ്ടക്ടര്‍ ജിഷ്ണു ബാബു സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്ക് പറവൂര്‍ കവലയില്‍ നിന്നാണ് ഈ സ്ത്രീ കുട്ടിയുമായി ബസില്‍ കയറിയത്. ബസില്‍ നല്ല തിരക്കായിരുന്നു. കുട്ടിയുമായി കയറിയതുകൊണ്ട് ഫുട്ബോര്‍ഡിനു തൊട്ടടുത്തുള്ള സീറ്റിലിരുന്ന മറ്റൊരാളെ എഴുന്നേല്‍പ്പിച്ചാണ് ഇവര്‍ക്ക് സീറ്റ് നല്‍കിയത്. മൂഴിക്കുളത്തേക്കാണ് ടിക്കറ്റ് എടുത്തത്. പിന്നീട് ബസില്‍ നല്ല തിരക്കായിരുന്നു. യാതൊരു ഭാവവ്യത്യാസവും ഇവര്‍ യാത്രയ്ക്കിടയില്‍ പ്രകടിപ്പിച്ചതായി കണ്ടില്ല. മൂഴിക്കുളത്ത് ഇവര്‍ ബസിറങ്ങി പോവുകയും ചെയ്തു. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുതല്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അമ്മയുടെ അറസ്റ്റ് ചൊവ്വാഴ്ച വിശദമായ ചോദ്യം ചെയ്യലിനുശേഷം ഉച്ചയ്ക്ക് രണ്ടോടെ രേഖപ്പെടുത്തുകയും ചെയ്തു.
സംഭവത്തില്‍ അമ്മയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡിയില്‍ ലഭിച്ചാല്‍ കുഞ്ഞിനെ പുഴയിലെറിഞ്ഞ സ്ഥലത്ത് ഉള്‍പ്പെടെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. കൊലയ്ക്കു പ്രേരിപ്പിച്ച കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതലൊന്നും പ്രതി പോലീസിനോടു പറഞ്ഞിട്ടില്ല. തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.