കൊച്ചി: അമ്മ ചാലക്കുടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരിയായ കുഞ്ഞ് ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂരമായ പീഡനമാണ്. കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസം പോലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാകുന്നുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞിന്റെ അച്ഛന്റെ ഇളയ സഹോദരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പത്തിലേറെ തവണ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ വീടിന്റെ തൊട്ടരികില്‍ തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരും. കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നു. താന്‍ കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാല്‍ ആരും സംശയിക്കില്ലെന്ന ധൈര്യമുണ്ടായിരുന്നു. കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ചൂഷണം ചെയ്തു. പറ്റിപ്പോയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

പ്രതി ലൈംഗിക വൈകൃതങ്ങളുള്ള ആളായിരുന്നെന്നും ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായും പോലീസ് വ്യക്തമാക്കുന്നു. വീട്ടില്‍ കുട്ടിയുമായി ഏറ്റവും അടുപ്പമുള്ളയാളായിരുന്നു പിതാവിന്റെ ഇളയ സഹോദരന്‍. ഇത് മുതലെടുത്താണ് ഇയാള്‍ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിരുന്നതെന്നാണ് വിവരം. ചോദ്യംചെയ്യലില്‍ ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാല്‍, തെളിവ് നിരത്തിയുള്ള പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം ഏറ്റുപറയുകയായിരുന്നു. പ്രതിയെ ചോദ്യംചെയ്യുന്നതിനൊപ്പം ഇയാളുടെ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. സ്റ്റേഷനില്‍ വെച്ചുതന്നെ ഫോണ്‍ തുറന്നുനോക്കിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. പ്രതി ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമയെന്നാണ് പോലീസ് സംശയിക്കുന്നത്. അശ്ലീലദൃശ്യങ്ങളുടെ ശേഖരം തന്നെ ഫോണിലുണ്ടെന്നാണ് വിവരം. അവിവാഹിതനാണ് പ്രതി. പോലീസിന്റെ ശാസ്ത്രീയ രീതിയിലെ ചോദ്യം ചെയ്യലിലെ അന്വേഷണ മികവാണ് കുട്ടിയുടെ പീഡകന്റെ കുറ്റസമ്മതമായി മാറിയത്.

ആദ്യഘട്ടം ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം നിഷേധിച്ചു. എന്നാല്‍ തെളിവുകളടക്കം നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ പ്രതി പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിക്കുകയായിരുന്നുവെന്നു. 'കുഞ്ഞ് കൊല്ലപ്പെട്ടല്ലോ, ഇനിയില്ലാല്ലോ...' എന്നൊക്കെ പറഞ്ഞായിരുന്നു ആദ്യം പ്രതി വിലപിച്ചത്. പിന്നീട് കുട്ടിയുടെ ദേഹത്തെ മുറിവുകളെക്കുറിച്ച് പോലീസ് ചോദിച്ചു. ഒടുവില്‍ പ്രതി പൊട്ടിക്കരഞ്ഞുകൊണ്ട്, അബദ്ധം പറ്റിയെന്നുപറഞ്ഞ് കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ അമ്മ എറിഞ്ഞു കൊലപ്പെടുത്തിയതിന് പിന്നാലെ ബന്ധുക്കളുടെയടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. എല്ലാവരും അമ്മയെ കുറ്റപ്പെടുത്തി. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. കുട്ടി ക്രൂര പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവത്തില്‍ അമ്മയെ കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി ചെങ്ങമനാട് പോലീസ് വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ അച്ഛന്‍, മറ്റ് ബന്ധുക്കള്‍, അങ്കണവാടി ജീവനക്കാര്‍, ഓട്ടോ ഡ്രൈവര്‍, ബസ് കണ്ടക്ടര്‍മാര്‍ തുടങ്ങിയവരുടെ മൊഴികള്‍ ആദ്യം രേഖപ്പെടുത്തും. അമ്മയുടെ ബന്ധുക്കളുടെ മൊഴിയും എടുക്കും. എറണാകുളം പുത്തന്‍കുരിശ് പോലീസാണ് കുട്ടിയുടെ അച്ഛന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് അമ്മക്കെതിരെ ചെങ്ങമനാട് പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്റെ വീട് ഉള്‍പ്പെടുന്ന പുത്തന്‍ കുരിശില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അതിനിടെ കുഞ്ഞ് ലൈംഗിക ചൂഷണത്തിനിരയായതായി അറിയില്ലെന്ന് കുഞ്ഞ് പഠിച്ചിരുന്ന അങ്കണവാടിയിലെ വര്‍ക്കര്‍ പറഞ്ഞു. കുട്ടിക്ക് കുടുംബാംഗങ്ങളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടതായി വന്നതായി അറിയില്ല. കുട്ടിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നിലെന്നും അങ്കണവാടി വര്‍ക്കര്‍ പറഞ്ഞു.

മെയ് 19 തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. അമ്മയ്ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്‍കിയ മൊഴി. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂഴിക്കുളം പാലത്തിന് താഴെ നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.