- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹ രാത്രിയില്‍ നൃത്തം തുടരണമെന്ന് വരന്റെ ബന്ധുക്കള്‍; കൈയാങ്കളി; പിന്നാലെ ഡാന്‍സ് സംഘം വരനെ തട്ടിക്കൊണ്ടുപോയി; വധുവിന്റെ വീട്ടില്‍ ഇരച്ചുകയറി ആക്രമണം
ഡാന്‍സ് സംഘം വരനെ തട്ടിക്കൊണ്ടുപോയി
പാറ്റ്‌ന: വിവാഹ ദിവസം രാത്രി ഡാന്‍സ് ചെയ്യാനെത്തിയ സംഘം വരനെ തട്ടിക്കൊണ്ടുപോയി. ആഘോഷ വേദിയില്‍ ഡാന്‍സ് ചെയ്യാന്‍ പണം കൊടുത്ത് കൊണ്ടുവന്ന സംഘമാണ് വരനെ തട്ടിക്കൊണ്ടുപോയത്. നര്‍ത്തകര്‍ക്ക് നല്‍കേണ്ട പണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. രാത്രി രണ്ട് മണിയോടെ ഇവര്‍ വീട്ടില്‍ ഇരച്ചുകയറി യുവാവിനെ ബലമായി പിടിച്ചുകൊണ്ട് പോവുകയായിരുന്നു. വധുവിന്റെ ബന്ധുക്കളെ ഇവര്‍ മര്‍ദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ നടന്ന ഒരു വിവാഹ ചടങ്ങുകള്‍ക്കിടെയായിരുന്നു സംഭവം. വരന്റെ വീട്ടില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ ഒരു സംഘത്തെ വിളിച്ചിരുന്നു. ഇവരും ചടങ്ങിനെത്തിയ അതിഥികളും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഡാന്‍സ് ടീം പരിപാടി അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കാണികള്‍ അത് അനുവദിക്കാതെ നൃത്തം തുടരണമെന്ന് നിര്‍ബന്ധിച്ചു. ഇതേച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദവും കൈയാങ്കളിയും ഉണ്ടായി. നര്‍ത്തകരില്‍ ഒരാള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റി.
ഈ സമയം വധുവിന്റെ വീട്ടിലായിരുന്നു വരന്‍. അവിടുത്തെ ചടങ്ങുകള്‍ ഏതാണ്ട് അവസാനിച്ച് കഴിഞ്ഞ സമയം രാത്രി രണ്ട് മണിയോടെ നര്‍ത്തക സംഘം നേരത്തെ പരിക്കേറ്റ യുവതിയുടെ നേതൃത്വത്തില്‍ അവിടെയെത്തി. വീട്ടിലേക്ക് ഇരച്ചുകയറിയ ഇവര്‍ വധുവിന്റെ ബന്ധുക്കളെ ഉപദ്രവിക്കുകയും വരനെ ബലമായി പിടിച്ചിറക്കി കൊണ്ടുപോവുകയുമായിരുന്നു. ഭയന്നുപോയ ബന്ധുക്കള്‍ ഉടനെ പൊലീസിനെ വിവരം അറിയിച്ചു.
പിന്നീട് രാവിലെ11 മണിയോടെയാണ് പൊലീസ് അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തി മോചിപ്പിച്ചത്. ഏറെ സന്തോഷത്തോടെ അവസാനിക്കേണ്ടിയിരുന്ന ഒരു ദിവസം ഒരു പേടിസ്വപ്നം പോലെയായി മാറുകയായിരുന്നു എന്ന് ബന്ധുക്കളിലൊരാള്‍ പറഞ്ഞു. വരന്‍ സുരക്ഷിതനാണെന്ന് പൊലീസും അറിയിച്ചു.