ബാങ്കോക്ക്: ചിലർ കൂട്ടുകാർക്കിടയിൽ നിൽക്കുമ്പോൾ എപ്പോഴും ഒന്ന് ഷൈൻ ചെയ്യാൻ നോക്കും. എത്ര കടുക്കട്ടി ആണേലും ഭയങ്കര ശക്തനാണെന്ന് കാണിക്കാൻ ഏത് അറ്റം വരെയും പോകും. അങ്ങനെ ഒരു സംഭവമാണ് തായ്‌ലൻഡിൽ സംഭവിച്ചിരിക്കുന്നത്. അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് രണ്ടു കുപ്പി മദ്യം ഒന്നിച്ച് അകത്താക്കി. പിന്നാലെ വീഡിയോ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. ഇയാൾ രണ്ട് ബോട്ടിൽ വിസ്കിയാണ് അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് കുടിച്ചത്. തായ്ലാൻഡ് സ്വദേശിയയായ വീഡിയോ ഇൻഫ്ലുവൻസർ തനകരൻ കാന്തീ അകത്താക്കിയത്.

മദ്യം കഴിച്ച തീർത്തതിന് പിന്നാലെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. താ മായ് ജില്ലയിലെ ചന്തബുരിയിൽ പിറന്നാൾ ആഘോഷത്തിനിടയിലായിരുന്നു യുവാവിന്റെ ദാരുണാന്ത്യം. 20 മിനിറ്റിനുള്ളിലാണ് രണ്ട് കുപ്പി മദ്യം ഇയാൾ അകത്താക്കിയത്. മദ്യം വിഷമായി പ്രവർത്തിച്ചതാണ് മരണകാരണമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. മനുഷ്യ ശരീരം ഇത്ര വേഗത്തിൽ മദ്യം ദഹിപ്പിക്കുന്ന രീതിയിലല്ല രൂപപ്പെട്ടിട്ടുള്ളതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഒരു മണിക്കൂർ സമയത്ത് കരളിന് കൈകാര്യം ചെയ്യാനാവുക ഒരു ഡ്രിങ്ക് മാത്രമാണ്.

സാധാരണ ഗതിയിൽ ഒരു ഡ്രിങ്കിൽ 14ഗ്രാം ആൽക്കഹോളാണ് അടങ്ങിയിട്ടുള്ളത്. ഇത് 44 മില്ലി വിസ്കിക്കും 148 മില്ലി വൈനിനും 355 മില്ലി ബിയറിനും തുല്യമാണ്. എന്നാൽ വളരെ വേഗത്തിൽ മദ്യം അകത്താക്കുമ്പോൾ ശരീരത്തിന് ആൽക്കഹോളിനെ കൈകാര്യം ചെയ്യാനാവാത വരികയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയും സാധാരണമാണെന്നും വിദഗ്ധർ പറയുന്നു.

അമിതമായ അളവിൽ ശരീരത്തിൽ പെട്ടന്ന് മദ്യം എത്തുമ്പോൾ തലച്ചോറിന് മോട്ടോർ സ്കില്ലുകളിൽ നിയന്ത്രണം നഷ്ടമാകുന്നു. ഇതിന് പുറമേ കൃത്യമായ തീരുമാനം എടുക്കാനും തലച്ചോറിന് സാധ്യമാകാതെ വരുന്നതാണ് ആൽക്കഹോൾ പോയ്സണിംഗിലേക്ക് നയിക്കുന്നത്. ശ്വസനം, ഹൃദയത്തിന്റെ പ്രവർത്തനം, ശരീരത്തിന്റെ താപനില, എന്നിവയും അമിത മദ്യപാനം സാരമായി തന്നെ ബാധിക്കും.

തനകരൻ കാന്തീ 20 മിനിറ്റുകൊണ്ട് അകത്താത്തിയത് കരളിന് താങ്ങാവുന്നതിന്റെ മുപ്പത് മടങ്ങ് ആൽക്കഹോളാണ്. അമിതമായി മദ്യപിക്കുമ്പോൾ ബോധക്ഷയം ഉണ്ടാവുന്നതും ഛർദ്ദിക്കുന്നതും ശരീരം സൃഷ്ടിക്കുന്ന അവസാന പ്രതിരോധ ശ്രമങ്ങളാണെന്നാണ് വിദഗ്ധർ പറയുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ശരീരത്തിന് സാരമായ ദോഷമുണ്ടാകാതെയിരിക്കാൻ മദ്യപിക്കുന്നവർ പുലർത്തേണ്ട കാര്യങ്ങളിതാണ്. ഒരു മണിക്കൂറിൽ ഒരു പെഗ് മാത്രം, വെറും വയറിൽ മദ്യപിക്കരുത്, നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക വേണമെന്നും വിദഗ്ധർ പറയുന്നു.