മഥുര: പിറന്നാള്‍ ആഘോഷത്തിനായി മുന്‍കാമുകനെ വിളിച്ചുവരുത്തി ഹോട്ടലില്‍ മുറിയെടുത്ത് ഹണിട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍. വ്യവസായിയായ യുവാവ് പണം നല്‍കാന്‍ വിസമ്മതിക്കുകയും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.

ഹാത്രസ് സ്വദേശിനി മനീഷ സിങാണ് മുന്‍കാമുകനെ കെണിയില്‍ കുടുക്കിയത്. തന്റെ പിറന്നാള്‍ ഒന്നിച്ച് ആഘോഷിക്കാമെന്ന് പറഞ്ഞ് വ്യവസായിയായ മുന്‍ കാമുകനെ ഇവര്‍ ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. റൂമിലെത്തിയതിന് പിന്നാലെ യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ശേഷം ഈ ദൃശ്യങ്ങള്‍ മനീഷ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി. മൊബൈല്‍ ഫോണിന്റെ ചാര്‍ജറിലാണ് രഹസ്യക്യാമറ ഘടിപ്പിച്ചിരുന്നത്.

ഹോട്ടലിലെ തൊട്ടടുത്ത മുറിയില്‍ മനീഷയുടെ നിലവിലെ പങ്കാളിയായ ക്ഷിതിജ് ശര്‍മയുണ്ടായിരുന്നു. ഈ മുറിയിലെ ലാപ്‌ടോപ്പിലേക്ക് ഇരുവരുടെയും സ്വകാര്യദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ഈ ദൃശ്യങ്ങള്‍ കാണിച്ച് മുന്‍കാമുകനില്‍ നിന്നും പണം തട്ടുകയായിരുന്നു ലക്ഷ്യം. ഏഴു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം ദൃശ്യങ്ങള്‍ പങ്കുവയ്ക്കുമെന്നും മനീഷ ഭീഷണി മുഴക്കി.

യുവാവ് പരാതി നല്‍കിയതോടെ ഇതോടെയാണ് ചതി പുറംലോകം അറിഞ്ഞത്. മനീഷയെയും പങ്കാളിയെയും പൊലീസ് വൈകാതെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പണം സമ്പാദിക്കാന്‍ ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് ഹണിട്രാപ്പെന്നാണ് പ്രാഥമിക നിഗമനം.