ഭുവനേശ്വര്‍: ഒഡീഷയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ബിജു ജനതാദള്‍ (ബിജെഡി) നേതാവ് അറസ്റ്റില്‍. ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ (ബിഎംസി) ബിജെഡി അംഗം അമരേഷ് ജെനയാണ് അറസ്റ്റിലായത്. പൊലീസ് കേസെടുത്തതോടെ വീട്ടില്‍നിന്നു മുങ്ങിയ അമരേഷിനെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഒടുവില്‍, ബാലസോറിലെ നീലഗിരി പ്രദേശത്തെ ബെര്‍ഹാംപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

പൊലീസില്‍നിന്നു രക്ഷപ്പെടാന്‍ വനത്തിനോട് ചേര്‍ന്നാണ് അമരേഷ് ഒളിവില്‍ കഴിഞ്ഞിരുന്നത്. അറസ്റ്റിനു പിന്നാലെ അമരേഷിനെ ബിജെഡിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. അമരേഷിന് അഭയം നല്‍കിയ അദ്ദേഹത്തിന്റെ അഞ്ച് സഹായികളെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

ലക്ഷ്മിസാഗര്‍ പൊലീസ് സ്റ്റേഷനില്‍ 19 വയസ്സുള്ള യുവതി രേഖാമൂലം നല്‍കിയ പരാതിയിലാണ് അമരേഷിനെതിരെ ബലാത്സംഗം, ഭ്രൂണഹത്യ, വഞ്ചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തത്. ആരോപണത്തിനു പിന്നില്‍ ബിജെപി ആണെന്നായിരുന്നു ഒളിവില്‍ കഴിയുന്നതിനിടെ അമരേഷ് ചില മാധ്യമങ്ങളോട് പറഞ്ഞത്.

പതിനേഴ് വയസ്സുള്ളപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി അമരേഷ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പുരിയില്‍ എത്തിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും ഗുളികകള്‍ നല്‍കി രണ്ടു മാസത്തെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ആരോടും ഇക്കാര്യം വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.