ഹൈദരാബാദ്: ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ ദിവസങ്ങള്‍ക്കിടെ സഹപാഠികളായ വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഷെയ്ഖ് റിസ്വാനും കെ.ഹന്‍സികയുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് വിവരം. വിദ്യാര്‍ഥികളുടെ ആത്മഹത്യയ്ക്കു പിന്നാലെ സ്‌കൂളിനു നേരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

റിസ്വാനും ഹന്‍സികയും അടുപ്പത്തിലായിരുന്നെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ഏറെ നേരം സംസാരിച്ചിരുന്നെന്നുമാണ് വിവരം. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം അറിഞ്ഞ് വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചു മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്തിലാണ് റിസ്വാന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ജൂലൈ 19നാണ് മിയാപൂരിലെ മാധവ്നഗര്‍ കോളനിയിലെ സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 15 വയസ്സുകാരനായ ഷെയ്ഖ് റിസ്വാന്‍ ആത്മഹത്യ ചെയ്തത്. ഗുരുതരമായ പരുക്കുകളോടെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതു സംബന്ധിച്ച അന്വേഷണം പൊലീസ് ആരംഭിച്ചിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെയാണ്, അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, ജൂലൈ 24ന് ഹന്‍സിക എന്ന പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തത്. മിയാപൂരിലെ അപ്പാര്‍ട്ട്‌മെന്റിനു മുകളില്‍ നിന്ന് ചാടിയാണ് ഹന്‍സികയുടെ ആത്മഹത്യ.