കാസര്‍കോട്: ഇന്‍സ്റ്റയിലെ സൂപ്പര്‍ താരം, ഒരു കൊളാബിന് ലക്ഷങ്ങള്‍ പ്രതിഫലം, വ്‌ലോഗിലൂടെ ഉപദേശവും കളിയാക്കലും, ഒടുവില്‍ ഷാലു കിങ് എന്ന വ്‌ലോഗര്‍ മുഹമ്മദ് സാലി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ അഴിക്കുള്ളില്‍. വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് വ്‌ലോഗര്‍ അറസ്റ്റിലായത്.

ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയായിരുന്നു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

കാസര്‍കോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലിനെയാണ് വിദേശത്ത് നിന്നു മടങ്ങി വരുമ്പോള്‍ മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഷാലു കിങ് മീഡിയ, ഷാലു കിങ് വ്‌ലോഗ്‌സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ പേരില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ക്രിയേറ്റ് ചെയ്തു വരികയായിരുന്നു.

2016ല്‍ ഇയാള്‍ ആദ്യ വിവാഹം കഴിച്ചിരുന്നു. ഇതില്‍ ഇയാള്‍ക്ക് മൂന്ന് മക്കളുണ്ട്. പോക്‌സോ കേസിലാണ് യുട്യൂബര്‍ അറസ്റ്റിലായിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. പിന്നാലെ കൊയിലാണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്.

കാസര്‍കോട് സ്വദേശിയാണ് ഷാലു കിങ്.