- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹമോചിതയായ ഒരു കുട്ടിയുടെ അമ്മ; മാട്രിമോണിയല്‍ വെബ്‌സൈറ്റുകളും ഫെയ്സ്ബുക് പ്രൊഫൈലുകളും വഴി വലയെറിയും; ഇരകള്‍ സമ്പന്നരും വിവാഹിതരുമായ മുസ്ലിം യുവാക്കള്‍; നാഗ്പൂരില്‍ അധ്യാപിക പിടിയിലായത് ഒന്‍പതാം വിവാഹത്തട്ടിപ്പിന് ഒരുങ്ങവെ
നാഗ്പൂരില്‍ അധ്യാപിക പിടിയിലായത് ഒന്‍പതാം വിവാഹത്തട്ടിപ്പിന് ഒരുങ്ങവെ
നാഗ്പൂര്‍: ഒന്‍പതാം വിവാഹ തട്ടിപ്പിന് ഒരുങ്ങവെ അധ്യാപികയായ യുവതി അറസ്റ്റില്‍. എട്ട് പേരെ വിവാഹം കഴിച്ച് ഓരോ പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയാണ് നാഗ്പുരില്‍ പിടിയിലായത്. സമീറ ഫാത്തിമ എന്ന സ്ത്രീയാണ് നാഗ്പൂരില്‍ അറസ്റ്റിലായത്. ഒന്‍പതാമത്തെ വിവാഹത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യുവാവുമായി ചായക്കടയില്‍ സംസാരിച്ചിരിക്കെയാണ് ഇവരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സമീറ, അധ്യാപികയായി ജോലി ചെയ്യുകയാണെന്ന് പൊലീസ് പറയുന്നു. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമെന്ന് പറഞ്ഞാണ് ഇവര്‍ എട്ട് പേരെയും വിവാഹം ചെയ്തത്. വിവാഹം കഴിച്ച ഭര്‍ത്താക്കന്മാരെ ബ്ലാക്‌മെയില്‍ ചെയ്താണ് ഇവര്‍ പണം തട്ടിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കൊപ്പം വലിയൊരു സംഘമുണ്ടെന്നും അവരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സമ്പന്നരും വിവാഹിതരുമായ മുസ്ലിം മതസ്ഥരായ ആളുകളാണ് തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറയുന്നു. തന്റെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ഒരാളും 15 ലക്ഷം രൂപ തട്ടിയെന്ന് മറ്റൊരാളും നല്‍കിയ പരാതിയിലാണ് സമീറക്കെതിരെ പൊലീസ് നടപടിയെടുത്തത്. പണം ബാങ്കിലൂടെ കൈമാറ്റം ചെയ്തതിന്റെ തെളിവുകളും പരാതിക്കൊപ്പം ഇവര്‍ പൊലീസിന് നല്‍കിയിരുന്നു.
മാട്രിമോണിയല്‍ വെബ്‌സൈറ്റുകളും ഫെയ്സ്ബുക് പ്രൊഫൈലുകളും വഴിയാണ് സമീറ ഓരോ പേരെയും തെരഞ്ഞെടുത്തത്. ഫേസ്ബുക് മെസഞ്ചര്‍, വാട്സ്ആപ്പ് കോളുകളിലൂടെയാണ് ആദ്യം ബന്ധം സ്ഥാപിക്കുക. പിന്നീട് ദൈന്യത നിറഞ്ഞ തന്റെ കെട്ടിച്ചമച്ച ജീവിത കഥ ഇവര്‍ പറയും. മുന്‍പ് സമാനമായ കേസില്‍ ഇവര്‍ പിടിക്കപ്പെട്ടിരുന്നെങ്കിലും താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ഇവര്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെയാണ് ജൂലൈ 29 ന് നാഗ്പൂരിലെ ഒരു ചായക്കടയില്‍ വെച്ച് സമീറയെ പൊലീസ് അറസ്റ്റ് ചെയ്തത്.