കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ നിശ്ചയത്തിനായി പോകുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലും കാറിലും ഇടിച്ച് മറിഞ്ഞതാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ കുറ്റിപ്പുറത്തേയും കോട്ടക്കലിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം

കുറ്റിപ്പുറം പള്ളിപ്പടിയില്‍ കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ്് മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വേഗതയിലെത്തിയ ബസ് കാറില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. റോഡ് വീതി കുറയുന്ന സ്ഥലത്തെ കുഴിയിലാണ് മറിഞ്ഞത്. അപകടത്തെതുടര്‍ന്ന് റോഡില്‍ ഗതാഗത തടസം നേരിടുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. നിലവില്‍ ക്രെയിന്‍ ഉപയോഗിച്ച് ബസ് റോഡില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

കോട്ടക്കല്‍ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ബസ് വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് ഡിവൈഡറിലും കാറിലുമിടിച്ച് മറിഞ്ഞതെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ദേശീയപാത നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ തന്നെ റോഡില്‍ പലയിടത്തായി കുഴികളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥിരം അപകടമേഖലയാണെന്നും മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. റോഡ് നിര്‍മാണം നടക്കുന്നതിന്റെ സൂചന ബോര്‍ഡ് അടക്കം ഇവിടെയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.