ഗാസിയാബാദ്: ശരീര സൗന്ദര്യം കുറഞ്ഞെന്ന പേരില്‍ മണിക്കൂറുകളോളം നിര്‍ബന്ധിച്ച് വ്യായാമം ചെയ്യിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നും യുവതിയുടെ പരാതി. നോറ ഫത്തേഹിയേപ്പോലെ ആവണം എന്നാവശ്യപ്പെട്ടാണ് സ്‌കൂള്‍ അധ്യാപകനായ ഭര്‍ത്താവ് നിര്‍ബന്ധിതമായി വ്യായാമം ചെയ്യിപ്പിച്ചതെന്ന് 26കാരിയുടെ പരാതിയില്‍ പറയുന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതിയുമായി എത്തിയത്.

ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെയാണ് യുവതിയുടെ ആരോപണം. നിരന്തരമായി ശരീര സൗന്ദര്യം പോരെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരമായി അപമാനിച്ചതായും ഗര്‍ഭിണി ആയതിന് പിന്നാലെ ശരീര സൗന്ദര്യം നഷ്ടമാകുമെന്ന് പറഞ്ഞ് ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നുമാണ് പരാതി.

സ്ത്രീധന പീഡനത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനുമാണ് സംഭവത്തില്‍ കേസ് എടുത്തിരിക്കുന്നത്. മാര്‍ച്ച് ആറിനായിരുന്നു 26കാരിയുടെ വിവാഹം നടന്നത്. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് ഭര്‍ത്താവ്. പതിവായി അശ്ലീല വീഡിയോകള്‍ കണ്ടിരുന്ന ഭര്‍ത്താവ് നിരന്തരമായി തന്നെ ബോഡി ഷെയിമിംഗിന് വിധേയ ആക്കിയെന്നും പരാതിയില്‍ 26കാരി വിശദമാക്കുന്നു.

നോറ ഫത്തേഹിയേപ്പോലൊരു ഭാര്യയെ പ്രതീക്ഷിച്ച തന്റെ ജീവിതം 26കാരി മൂലം നശിച്ചതായാണ് ഭര്‍ത്താവ് ആരോപിച്ചിരുന്നതെന്നും പരാതിക്കാരി വിശദമാക്കുന്നത്. ദിവസേന മൂന്ന് മണിക്കൂര്‍ വ്യായാമം ചെയ്യാന്‍ നിബന്ധിക്കും ചെയ്യുന്നതില്‍ വീഴ്ച വന്നാല്‍ ദിവസങ്ങളോളം പട്ടിണിക്കിടുമെന്നും യുവതി പരാതിയില്‍ വിശദമാക്കുന്നത്. 16 ലക്ഷം രൂപ വിലയുള്ള ആഭരണവും 24ലക്ഷത്തിന്റെ കാറുമാണ് യുവതിക്ക് സ്ത്രീധനം നല്‍കിയിരുന്നത്. ഗര്‍ഭഛിദ്രത്തിന് പിന്നാലെ യുവതിയെ വീട്ടില്‍ കൊണ്ടുവിട്ടതായുമാണ് പരാതി.