കണ്ണൂര്‍: പള്ളിക്കുന്നിലുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിചാരണതടവുകാരനില്‍ നിന്നും മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ തൃശൂര്‍ ഒല്ലൂക്കര മാടക്കത്തറ സ്വദേശി വട്ടക്കൂട്ട് വീട്ടില്‍ ദിനേശന്റെ(30)പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ25 ന് ഉച്ചക്ക് 12.45 ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ജയില്‍ പുതിയ ബ്ലോക്കില്‍ നടന്ന പരിശോധനയിലാണ് സിം കാര്‍ഡ് ഉള്‍പ്പെടെയുള്ള ഫോണ്‍ കണ്ടെടുത്തത്.

ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്. ജയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറെ ദിവസങ്ങളില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ് നടന്നുവരികയാണ്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിലും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞു കൊടുത്തതിന് കൊറ്റാളി പനങ്കാവ് സ്വദേശി അക്ഷയി യെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.

2 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നുംവാങ്ങിയ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മദ്യകുപ്പിയും കഞ്ചാവും ബീഡിയും ജയിലില്‍ എത്തിക്കുന്നതില്‍ പ്രധാനിയാണ് അക്ഷയ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ജയില്‍ വളപ്പിന്റെ പുറമെ റോഡരികില്‍ നിന്നും മദ്യകുപ്പിയും കഞ്ചാവും അകത്തേക്ക് എറിഞ്ഞു കൊടുക്കുന്നതിനിടെ അക്ഷയ് പിടിയിലാകുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.