- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൂന്നുവര്‍ഷം മുന്‍പ് കുടുംബകോടതിയില്‍ കേസ്; തിരുവല്ലയില്‍ വീട്ടമ്മയെയും പെണ്‍മക്കളെയും കാണാനില്ല? പരാതി നല്‍കിയത് രണ്ട് ദിവസത്തിന് ശേഷം; റീനയും മക്കളും ബസില്‍ കയറുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത് പത്താം ദിവസം; അന്വേഷണം തുടര്‍ന്ന് പ്രത്യേക സംഘം
പത്തനംതിട്ട: തിരുവല്ലയില്‍ വീട്ടമ്മയെയും രണ്ട് പെണ്‍മക്കളെയും കാണാതായിട്ട് പതിനൊന്ന് ദിവസം പിന്നിട്ടു. ആലുംതുരുത്തി ചന്തയ്ക്ക് സമീപം താമസിച്ചിരുന്ന റീനയെയും മക്കളായ എട്ടുവയസ്സുകാരി അക്ഷരയെയും ആറു വയസ്സുകാരി അല്‍ക്കയേയുമാണ് കാണാതായത്. ഇവരുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പത്ത് ദിവസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്.
എസ് പി നിയോഗിച്ച പ്രത്യേക സംഘമാണ് ഇവരുടെ തിരോധാനം അന്വേഷിക്കുന്നത്. ഇവരെ കാണാതായി രണ്ട് ദിവസത്തിനുശേഷമാണ് റീനയുടെ ഭര്‍ത്താവ് അനീഷ് മാത്യുവും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയത്. ഇത് അന്വേഷണത്തിന്റെ തുടക്കത്തില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ റീനയും മക്കളും എവിടെയോ യാത്ര പോകാന്‍ ഉറപ്പിച്ച രീതിയിലാണുളളത്. റീനയുടെയും മക്കളുടെയും കൈവശം ബാഗുകളുണ്ട്. ഇവര്‍ക്കായുളള അന്വേഷണം സംസ്ഥാനത്തൊട്ടാകെ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മൂന്നുപേരും തിരുവല്ലയിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്വകാര്യബസില്‍ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 10 ദിവസത്തിനുശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം വാടകവീട്ടിലാണ് റീനയും മക്കളും താമസിച്ചിരുന്നത്. റീനയെ രണ്ടുദിവസമായി കാണുന്നില്ലെന്ന് വ്യാഴാഴ്ച രാത്രി അനീഷ് റീനയുടെ ബന്ധുക്കളെ അറിയിച്ചു. പിന്നാലെ റീനയുടെ സഹോദരന്‍ റിജോയാണ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുന്നത്.
മൂന്നുവര്‍ഷം മുന്‍പ് കുടുംബകോടതിയില്‍ അനീഷിനെതിരെ റീന കേസ് നല്‍കിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയ ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് താമസിച്ചു വരുമ്പോഴാണ് റീനയെ കാണാതാകുന്നത്. റീനയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. റീനയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് റീനയുടെ സഹോദരന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.