- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാത്രികളിൽ ലഹരി ഇല്ലാതെ പറ്റില്ല; സാധനം തീർന്നാൽ ഒരൊറ്റ കോൾ മതി..വീണ്ടും എത്തിച്ചു നൽകും; ഹോളിവുഡിനെ നടുക്കിയ നടൻ മാത്യു പെറിയുടെ മരണത്തിൽ വഴിത്തിരിവ്; കോടതിയിൽ എല്ലാ കുറ്റവും സമ്മതിച്ച് മയക്കുമരുന്ന് ഇടനിലക്കാരി 'കെറ്റാമൈൻ ക്വീൻ; ഇനി വർഷങ്ങൾ അഴിയെണ്ണണം
ലോസ് ഏഞ്ചൽസ്: പ്രമുഖ ഹോളിവുഡ് നടൻ മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് ലഹരി വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായ ജസ്വീൻ സംഗ (42) കുറ്റം സമ്മതിച്ചു. നടന് കെറ്റാമൈൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്തത് താനാണെന്ന് യുഎസ്-ബ്രിട്ടിഷ് പൗരത്വമുള്ള ജസ്വീൻ കോടതിയിൽ സമ്മതിച്ചതോടെ ഈ കേസിൽ നിർണായക വഴിത്തിരിവായി. അനധികൃത ലഹരി വിൽപനയ്ക്കായി 'സ്റ്റാഷ് ഹൗസ്' നടത്തിയിരുന്നതായും ജസ്വീൻ സമ്മതിച്ചിട്ടുണ്ട്.
2023 ഒക്ടോബറിൽ ഹോളിവുഡ് ഇതിഹാസ പരമ്പരയായ 'ഫ്രണ്ട്‌സ്' എന്ന പരമ്പരയിലെ ചാൻഡ്ലർ ബിങ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ആരാധകരുള്ള നടൻ മാത്യു പെറിയെ (54) ലോസ് ഏഞ്ചൽസിലെ വസതിയിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെറിയുടെ സഹായിയാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തി പൊലീസിൽ വിവരം അറിയിച്ചത്. വളരെക്കാലമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും അത് കേസിൽ നിർണായകമാവുകയുമായിരുന്നു.
മാത്യു പെറിയുടെ മരണത്തിലേക്ക് നയിച്ച കെറ്റാമൈൻ നൽകിയത് ജസ്വീൻ സംഗയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലഹരി ഇടപാടുകാർക്കിടയിൽ 'കെറ്റാമൈൻ ക്വീൻ' എന്നറിയപ്പെട്ടിരുന്ന ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ലോസ് ഏഞ്ചൽസിൽ വലിയ തോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ കെറ്റാമൈനും മറ്റ് ലഹരി വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഈ കേസിൽ വിചാരണ നേരിടുന്നതിനുപകരം കുറ്റം സമ്മതിച്ച അഞ്ച് പ്രതികളിൽ അവസാനത്തേയാളാണ് ജസ്വീൻ സംഗ. ഇതിനുമുമ്പ് രണ്ട് ഡോക്ടർമാർ, പെറിയുടെ പേഴ്സണൽ അസിസ്റ്റന്റ്, കൂടാതെ പെറിക്ക് കെറ്റാമൈൻ വിൽക്കുന്നതിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് സമ്മതിച്ച മറ്റൊരാൾ എന്നിവരും കുറ്റം സമ്മതിച്ചിരുന്നു. ലഹരിമരുന്നിന്റെ അനധികൃത വിൽപന, വിതരണം തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ജസ്വീൻ കുറ്റം സമ്മതിച്ചിരിക്കുന്നത്. ഈ കുറ്റകൃത്യങ്ങളിൽ ജസ്വീന് 65 വർഷം വരെ തടവ് ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.
1994 മുതൽ 2004 വരെ സംപ്രേക്ഷണം ചെയ്ത 'ഫ്രണ്ട്‌സ്' എന്ന പരമ്പരയുടെ 10 സീസണുകളിലൂടെയാണ് മാത്യു പെറി ആരാധകരുടെ പ്രിയങ്കരനായത്. 'ഫൂൾസ് റഷ് ഇൻ', 'ദി വോൾ നയൺ യാർഡ്‌സ്' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം സിനിമാ ലോകത്തിനും ആരാധകർക്കും വലിയ നഷ്ടമായിരുന്നു.
മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ ലഹരി വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജസ്വീൻ സംഗയെപ്പോലുള്ള വ്യക്തികൾ താരങ്ങളടക്കമുള്ള പ്രമുഖർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്നതിലെ അപകടകരമായ അവസ്ഥയാണ് ഈ കേസ് വെളിച്ചത്തുകൊണ്ടുവരുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്.