തിരുവനന്തപുരം: കാര്യവട്ടത്ത് യുവാവ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസി(35)നെയാണ് ഞായറാഴ്ച രാവിലെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛന്‍ ഉണ്ണിക്കൃഷ്ണന്‍ നായരെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഉണ്ണിക്കൃഷ്ണന്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. ഇതാണ് പോലീസിന് വെല്ലുവിളിയാകുന്നത്.

കൊല്ലപ്പെട്ട ഉല്ലാസും പിതാവ് ഉണ്ണിക്കൃഷ്ണന്‍ നായരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. തുടര്‍ന്ന് അമ്മ ഉഷ വീട്ടിലെത്തി നോക്കുമ്പോളാണ് വീട്ടിലെ ഹാളിനുള്ളില്‍ മകനെ മരിച്ച നിലയില്‍ കണ്ടെത്. ദൃക്‌സാക്ഷികള്‍ ആരും ഇല്ലാത്തതും പോലീസിനെ വലയ്ക്കുന്നുണ്ട്. മകനെ അച്ഛന്‍ കൊലപ്പെടുത്തിയെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്.

ഉല്ലാസും ഉണ്ണിക്കൃഷ്ണും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ ഉഷ അയല്‍പക്കത്തെ വീട്ടില്‍ പോയിരിക്കും. ഇവരെക്കൊണ്ട് നാട്ടുകാര്‍ക്ക് പ്രശ്നങ്ങള്‍ ഒന്നുമില്ല. അച്ഛനും മകനും മദ്യപാനം പതിവാണ്. ഇരുവരും തമ്മില്‍ പ്രശ്നമുണ്ടാകുമ്പോള്‍ മകന്‍ സാധനങ്ങള്‍ തല്ലിപ്പൊട്ടിക്കുന്ന പതിവുണ്ട്.