- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുട്ടാ സര്‍വകലാശാലയിലേക്ക് മുടന്തി എത്തിയത് ജീന്‍സിനുളളില്‍ റൈഫിള്‍ ഒളിപ്പിച്ചത് കൊണ്ടെന്ന് സംശയം; ബേസ്‌ബോള്‍ തൊപ്പിയും സണ്‍ഗ്ലാസും അമേരിക്കന്‍ പതാകയുടെ ചിത്രം പതിച്ച കടുംനിറത്തിലുള്ള ടീഷര്‍ട്ടും ധരിച്ച യുവാവ് ഓടി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തില്‍ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ
ചാര്‍ലി കിര്‍ക്ക് വധക്കേസ്: പ്രതി ഓടി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
വാഷിങ്ടണ്‍: വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപിന്റെ കടുത്ത അനുഭാവിയുമായിരുന്ന ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെട്ട കേസില്‍ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ വരെ (ഏകദേശം 83 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഫ്ബിഐ). പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും എഫ്ബിഐ പുറത്തുവിട്ടു.
ബേസ്‌ബോള്‍ തൊപ്പിയും സണ്‍ഗ്ലാസും അമേരിക്കന്‍ പതാകയുടെ ചിത്രം പതിച്ച കടുംനിറത്തിലുള്ള ടീഷര്‍ട്ടും ധരിച്ച ഒരു ചെറുപ്പക്കാരന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രതിക്ക് കോളേജ് വിദ്യാര്‍ത്ഥിയുടെ പ്രായം മാത്രമായിരിക്കുമെന്നാണ് നിഗമനം. യൂട്ടാ സര്‍വ്വകലാശാലയിലെ കെട്ടിടത്തിന് മുകളിലൂടെ ഓടുന്ന പ്രതിയുടെ വീഡിയോയും എഫ്ബിഐ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യൂട്ടാവാലി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്ന ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ സമീപത്തെ കെട്ടിടത്തിനു മുകളില്‍നിന്ന് പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. ഇയാള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്കുചാടുകയും ഓടി രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഇയാള്‍ ഓടിപ്പോയ വഴിയില്‍നിന്ന് പൊലീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രതിയുടെ തോക്ക് കണ്ടെടുത്തു.
പ്രതിയുടെ ഇടതു കൈപ്പത്തിയുടെയും ഷൂസിന്റെയും അടയാളങ്ങള്‍ കെട്ടിടത്തില്‍ പതിഞ്ഞിട്ടുണ്ട്. ഇതില്‍നിന്ന് പ്രതിയുടെ ഡിഎന്‍എ തെളിവുകള്‍ ശേഖരിക്കുമെന്ന് യൂട്ടാ പൊതുസുരക്ഷാ വിഭാഗം കമ്മിഷണര്‍ ബ്യൂ മേസണ്‍ അറിയിച്ചു. വിശദാംശങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്കന്‍ ഡിറ്റക്റ്റീവ് ഏജന്‍സിയില്‍ നേരിട്ട് ബന്ധപ്പെടാം. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജീന്‍സിനുള്ളില്‍ തോക്ക് ഒളിപ്പിച്ചു
കോളേജ് ക്യാമ്പസിലേക്ക് ഇയാള്‍ മുടന്തിയാണ് വന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. ജീന്‍സിന്റെ ഉള്ളിലായി തോക്ക് ഒളിപ്പിച്ചതുകൊണ്ടാകാം മുടന്തിയെന്നാണ് സൂചന. മുഖം മറയ്ക്കാന്‍ കറുത്ത ലോങ് സ്ലീവ് ഷര്‍ട്ടും സണ്‍ഗ്ലാസുകളും ബേസ് ബോള്‍ തൊപ്പിയും ധരിച്ച പ്രതി, അമേരിക്കന്‍ പതാകയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചതും ശ്രദ്ധേയമാണ്. കിര്‍ക്കിന്റെ അനുയായികളില്‍ ഒരാളാണെന്ന ധാരണ പരത്താനായിരിക്കാം ഈ വേഷവിധാനമെന്ന് കരുതുന്നു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ, പ്രതി കെട്ടിടത്തിന് മുകളില്‍ നിന്ന് ഏകദേശം 10 അടി താഴ്ചയിലേക്കാണ് ചാടിയത്. ഇത് പ്രതിയുടെ കായികക്ഷമതയെയും ശാരീരിക സ്ഥിതിയെയും എടുത്തു കാണിക്കുന്നു. സമീപത്തെ വനമേഖലയില്‍ നിന്ന് ഉന്നത നിലവാരമുള്ള high-powered, bolt action 'Mauser .30-06' റൈഫിള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലടയാളങ്ങള്‍ക്കും മറ്റ് തെളിവുകള്‍ക്കുമായി ഇത് എഫ്ബിഐ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
20ല്‍ അധികം ഏജന്‍സികളില്‍ നിന്നുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതുവരെ 7,000-ല്‍ അധികം ലീഡുകള്‍ ലഭിച്ചതായും, പൊതുജനങ്ങളുടെ സഹായം അനിവാര്യമാണെന്നും യൂട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ് പറഞ്ഞു. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.