- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പശുപതിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തി; 'ജെന്‍ സീ' പ്രക്ഷോഭത്തിനിടെ ഹോട്ടലിന് തീയിട്ടു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇന്ത്യന്‍ യുവതിക്ക് കാഠ്മണ്ഡുവില്‍ ദാരുണാന്ത്യം; ഭര്‍ത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു
ന്യൂഡല്‍ഹി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ ജെന്‍ സീ പ്രക്ഷോഭകര്‍ തീയിട്ട ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യക്കാരിയായ 57കാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രാജേശ് ഗോല ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാംവീര്‍ സിംഗ് ഗോല (58) പരിക്കുകളോടെ രക്ഷപ്പെട്ടു . ഹോട്ടലിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായാണ് ഇരുവരും നേപ്പാളില്‍ എത്തിയത്.
സെപ്റ്റംബര്‍ ഏഴിനാണ് ഇവര്‍ നേപ്പാളില്‍ എത്തിയത്, ഹയാത്ത് റീജന്‍സി ഹോട്ടിലിലായിരുന്നു താമസം. 'ജെന്‍ സീ' പ്രതിഷേധം രൂക്ഷമായതോടെ സെപ്റ്റംബര്‍ ഒമ്പതിന് രാത്രി പ്രകടനക്കാര്‍ ഈ ഹോട്ടലിന് തീയിടുകയായിരുന്നു. ഹോട്ടലിന്റെ താഴത്തെ നിലയില്‍ തീ പടര്‍ന്നുപിടിച്ചതോടെ രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞു. പിന്നാലെ, രാംവീറും രാജേശും രക്ഷപ്പെടാനുള്ള മറ്റ് വഴികള്‍ നോക്കുന്നതിനിടയിലാണ് രാജേശ് ഗോല ജീവന്‍ നഷ്ടപ്പെട്ടത് എന്നാണ് വിവരം.
ഹോട്ടലിന്റെ നാലാമത്തെ നിലയിലായിരുന്നു രാംവീറും ഭാര്യയും താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ജനക്കൂട്ടം ഹോട്ടലിലേക്ക് ഇരച്ചുകയറി തീയിട്ടു. കോണിപ്പടികളില്‍ പുക നിറഞ്ഞതോടെ താമസക്കാര്‍ക്ക് അതുവഴി രക്ഷപ്പെടാന്‍ കഴിയാത്ത സ്ഥിതിയായി. ഈ സമയം, രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ താഴെ മെത്തകള്‍ വിരിച്ച് രാംവീറിനോടും രാജേഷിനോടും ജനലിലൂടെ താഴേക്ക് ചാടാന്‍ ആവശ്യപ്പെട്ടു.
ഇതോടെ രാംവീര്‍ മുറിയിലെ ജനല്‍ച്ചില്ല് തകര്‍ത്ത്, ഷീറ്റുകള്‍ കൂട്ടിക്കെട്ടി അതിലൂടെ പിടിച്ച് താഴെ മെത്തയിലേക്ക് ചാടി. ഇതേരീതിയില്‍ താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ രാജേശ് കാല്‍വഴുതി പുറകിലേക്ക് മലര്‍ന്ന് തലയിടിച്ച് വീഴുകയായിരുന്നു എന്ന് ഇവരുടെ മൂത്തമകന്‍ വിശാലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ രാജേശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്തസ്രാവം മൂലം പാതിവഴിയില്‍വെച്ച് തന്നെ ജീവന്‍ നഷ്ടപ്പെട്ടു. രാംവീറിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ 10:30-ഓടെ കുടുംബാംഗങ്ങള്‍ എത്തി രാജേശിന്റെ മൃതദേഹം ഗാസിയാബാദിലെ മാസ്റ്റര്‍ കോളനിയിലുള്ള വസതിയിലെത്തിച്ചു.
അതേസമയം, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ചത് തിരച്ചിലിന് തടസ്സമായെന്ന് വിശാല്‍ പറഞ്ഞു. 'രണ്ടുദിവസം അവര്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഒടുവില്‍, അച്ഛനെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കണ്ടെത്തി, പക്ഷേ അമ്മ ആശുപത്രിയില്‍ വെച്ച് മരിച്ചു.' ഇന്ത്യന്‍ എംബസിയില്‍ നിന്ന് 'നാമമാത്രമായ' പിന്തുണ മാത്രമാണ് ലഭിച്ചതെന്നും വിശാല്‍ ആരോപിച്ചു.
ഭരണത്തില്‍ സുതാര്യത വേണമെന്നും സാമൂഹികമാധ്യമങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സെപ്റ്റംബര്‍ എട്ടിന് 'ജെന്‍ സീ' പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭം അക്രമാസക്തമായതോടെ പ്രകടനക്കാര്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.