കണ്ണൂര്‍: വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (കുഞ്ഞാപ്പി 21), നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസില്‍ റിമാന്‍ഡിലാണ്.

ഫെബ്രുവരിയിലായിരുന്നു രഹസ്യ ചിത്രീകരണം നടത്തുന്നത്. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങള്‍ പകര്‍ത്തി. വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയില്‍നിന്നു പണം വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.

കൂടാതെ വിഡിയോ ഇവരുടെ സുഹൃത്ത് ലത്തീഫിനും നല്‍കി. ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.