മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടുകിലോ കഞ്ചാവുമായി ഇന്ത്യൻ യുവതിയെ കസ്റ്റംസ് പിടികൂടി. വിമാനത്താവളത്തിൽ എത്തിയ യുവതിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബിസ്കറ്റ് പാക്കറ്റുകളിലും പലഹാരങ്ങളുടെ ടിന്നുകളിലുമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ്, പതിവ് പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.

കസ്റ്റംസ് അധികൃതർ പിടിച്ചെടുത്ത കഞ്ചാവിന്റെ ദൃശ്യങ്ങൾ ഒമാൻ കസ്റ്റംസിന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.

അടുത്തിടെയും സമാനമായ സംഭവം മസ്കറ്റ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് വിമാനത്താവളത്തിൽ നിന്ന് കഞ്ചാവുമായി മറ്റ് വനിതാ യാത്രക്കാരെയും പിടികൂടിയത്. ഇവരുടെ ബാഗുകളിൽ നിന്ന് ആകെ 13 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഈ കേസുകളിലെ പ്രതികളും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു.

വിദേശരാജ്യങ്ങളിലേക്ക് ലഹരിക്കടത്ത് നടത്താൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച് ലഹരിക്കടത്ത് നടത്തുന്ന പുതിയ രീതികൾ ഇത്തരം പരിശോധനകളിലൂടെയാണ് വെളിച്ചത്തുവരുന്നത്. പിടിലായ യാത്രക്കാർക്കെതിരെ കടുത്ത നിയമനടപടികളാണ് സ്വീകരിക്കുന്നത്.