ലഖ്‌നൗ: ബോളിവുഡ് നടി ദിഷ പഠാണിയുടെ നേരെ വെടിയുതിര്‍ത്ത സംഘത്തിലെ രണ്ട് പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗോള്‍ഡി ബ്രാര്‍ സംഘവുമായി ബന്ധമുള്ള അഞ്ച് ഷൂട്ടര്‍മാരാണ് വെടിവെപ്പിന് പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ട്. ശേഷിക്കുന്ന പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഗാസിയാബാദില്‍ വെച്ച് കൊല്ലപ്പെട്ട അരുണ്‍, രവീന്ദ്ര എന്നീ ഷൂട്ടര്‍മാരുടെ കയ്യില്‍ നിന്ന് സിഗാന, ഗ്ലോക്ക് പിസ്റ്റളുകള്‍ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്ണോയ് സംഘങ്ങളിലെ അംഗങ്ങള്‍ ഈ പിസ്റ്റളുകള്‍ കൂടുതലായി ഉപയോഗിച്ച് വരുന്നു.

പാകിസ്താനില്‍ നിന്ന് ഡ്രോണുകള്‍ വഴിയും നേപ്പാളിലൂടെ കാര്‍ഗോ വഴിയും ഇന്ത്യയിലേക്ക് കടത്തിയ ഇതേ സിഗാന മോഡല്‍ പിസ്റ്റള്‍, ഗുണ്ടാത്തലവന്‍ അതീഖ് അഹമ്മദിന്റെയും ഗായകന്‍ സിദ്ദു മൂസേവാലയുടെയും കൊലപാതകങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നുവെന്നും വിവരമുണ്ട്. സിഗാന പിസ്റ്റളുകള്‍ സാധാരണയായി പാകിസ്താനില്‍ നിന്ന് ഡ്രോണുകള്‍ വഴിയോ നേപ്പാളില്‍ നിന്ന് എയര്‍ കാര്‍ഗോ വഴിയോ ആണ് ഇന്ത്യയിലേക്ക് കടത്തുന്നതെന്ന് അധികൃതര്‍ പറയുന്നു. നേപ്പാളില്‍ നിന്നെത്തുന്ന പിസ്റ്റളുകള്‍ക്ക് 6 ലക്ഷം രൂപ വരെ വിലയുള്ളപ്പോള്‍, ഡ്രോണ്‍ വഴി വിതരണം ചെയ്യുന്ന 4 ലക്ഷം രൂപയുടെ സിഗാനയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഭാരം കുറവും ഒരേ സമയം 15 ബുള്ളറ്റുകള്‍ വരെ വെടിയുതിര്‍ക്കാന്‍ കഴിയുന്നതുമാണ് സിഗാന മോഡല്‍ തോക്കുകള്‍. ഇവ എളുപ്പത്തില്‍ ചൂടാകുകയുമില്ല.

അതേസമയം, നടിയുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള അക്രമികളുടെ നീക്കങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ 2,000-ത്തിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അന്വേഷണത്തില്‍, ഷൂട്ടര്‍മാര്‍ സെപ്റ്റംബര്‍ 11-ന് ബറേലിയിലെത്തിയെന്നും കറുത്ത സ്‌പ്ലെന്‍ഡര്‍, വെളുത്ത അപ്പാഷെ എന്നീ രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ച് നടിയുടെ വസതിക്ക് പുറത്ത് നിരീക്ഷണം നടത്തിയെന്നും കണ്ടെത്തി. അഞ്ചു പേരില്‍ ഒരാള്‍ അസുഖം കാരണം മടങ്ങിപ്പോയതിനാല്‍ നാലുപേരാണ് പദ്ധതി നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

സെപ്റ്റംബര്‍ 12ന് പുലര്‍ച്ചെയായിരുന്നു ദിഷ പഠാണിയുടെ ബറേലിയിലെ സിവില്‍ ലൈനിലുള്ള വീടിന് പുറത്ത് വെടിവയ്പുണ്ടായത്. ദിഷയും സഹോദരി ഖുഷ്ബു പഠാണിയും ഹിന്ദു സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു വെടിവയ്പ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗോള്‍ഡി ബ്രാര്‍ സംഘടന ഏറ്റെടുത്തിരുന്നു. സനാതന ധര്‍മത്തെ അപമാനിച്ചു എന്നാണ് ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ അംഗമായ വീരേന്ദ്ര ചരണ്‍ ദിഷയുടെ വീടാക്രമണത്തിനു കാരണമായി പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സിനിമ മേഖലയിലെ എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണിതെന്നും ഭീഷണിയുണ്ടായിരുന്നു.