- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വാഹന പരിശോധനയ്ക്കിടെ പാഞ്ഞെത്തിയ ആള്‍ട്ടോ നിര്‍ത്താതെ പോയി; പിന്തുടര്‍ന്ന പൊലീസ് ജീപ്പിനെ ഇടിച്ചു കുഴിയിലിട്ട ശേഷം കടന്നുകളഞ്ഞു; പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പേര്‍ക്ക് പരിക്ക്; കാറിനായി അന്വേഷണം
കാസര്‍കോട്: വാഹന പരിശോധനയ്ക്കിടെ പൊലീസ് ജീപ്പ് ഇടിച്ചു കുഴിയില്‍ ചാടിച്ചശേഷം കടന്നുകളഞ്ഞ കാര്‍ യാത്രക്കാര്‍ക്കായി അന്വേഷണം തുടരുന്നു. ഇന്നലെ രാത്രിയാണ് ബേഡകം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ മനോജും സംഘവും സഞ്ചരിച്ച ജീപ്പില്‍ നാല് തവണ കാര്‍ ഇടിപ്പിച്ചത്. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സാരമായ പരിക്കേറ്റ സിപിഒ രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റിക്കോല്‍ വച്ച് വാഹന പരിശോധന നടത്തുന്നതിനിടെ രാത്രി 11 മണിയോടെയാണ് സംഭവം. അമിത വേഗതയില്‍ വന്ന കാര്‍ പൊലീസ് കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പൊലീസ് ജീപ്പില്‍ ഇടിപ്പിച്ചശേഷം ബന്തടുക്ക ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് കാറിനെ പൊലീസ് പിന്തുടര്‍ന്നു.
ഇതിനിടെ പൊലീസ് വാഹനത്തെ കുറ്റിക്കോല്‍, ബന്തടുക്ക, പള്ളത്തിങ്കാല്‍ എന്നിവിടങ്ങളില്‍ വച്ചാണ് കാര്‍ ഇടിപ്പിച്ചത്. ഒടുവില്‍ ഇടിയുടെ ആഘാതത്തില്‍ ജീപ്പ് കുഴിയിലേക്ക് വീഴുകയായിരുന്നു. എസ്‌ഐ മനോജിനെക്കൂടാതെ, സിപിഒമാരായ ഗണേഷ്, രാകേഷ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ രാകേഷിന് പരുക്കുപറ്റി. ഇദ്ദേഹത്തെ ബേഡകം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് ജീപ്പിനും സാരമായി കേടുപാടു പറ്റി. അപകടമുണ്ടാക്കിയ ആള്‍ട്ടോ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാറിലുണ്ടായിരുന്നവരെക്കുറിച്ച് സൂചന ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. സംശയാസ്പദമായ രീതിയില്‍ അമിത വേഗതയില്‍ എത്തിയ കെ എല്‍ 14 ക്യൂ 1178 നമ്പര്‍ മാരുതി ആള്‍ട്ടോ കാര്‍ ആണ് പൊലീസ് വാഹനത്തെ ഇടിച്ചു തെറുപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇടിയുടെ ആഘാതത്തില്‍ കെ എല്‍ 01 സി എന്‍ 4130 മ്പര്‍ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. പൊലീസ് ജീപ്പ് റോഡിന് പുറത്തേക്ക് തെന്നി മാറിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. കാറില്‍ ഒരു സ്ത്രീയടക്കം ഒന്നിലധികം പേര്‍ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പൊലീസ് സംഘത്തെ നേരിട്ട് ആക്രമിച്ച കേസായി കണക്കാക്കുമെന്നും ബേഡകം പൊലീസ് പറയുന്നു.