കാണ്‍പൂര്‍: കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളി യുവാവ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ആകാന്‍ക്ഷ എന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. ആകാന്‍ക്ഷയുടെ മരണത്തില്‍ പങ്കാളിയായ സൂരജ് കുമാര്‍ ഉത്തമിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയിച്ച് ഇരുവരും ലിവിങ് ടുഗതര്‍ ബന്ധത്തിലായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

രണ്ട് മാസം മുമ്പ്, ആകാന്‍ക്ഷ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും യുവതിയുടെ തല ചുമരില്‍ ഇടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് കൊലപാതകം മറച്ചുവെക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ തന്റെ സുഹൃത്ത് ആശിഷ് കുമാറിനെ വിളിച്ചു. ഇരുവരും ചേര്‍ന്ന് ആകാന്‍ക്ഷയുടെ മൃതദേഹം ചാക്കിലാക്കി 100 കിലോമീറ്റര്‍ അകലെയുള്ള യമുനാ നദിയില്‍ ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടു.

മൃതദേഹം നദിയില്‍ എറിയും മുമ്പ് മൃതദേഹം നിറച്ച ബാഗിനൊപ്പം സൂരജ് തന്റെ ഫോണില്‍ സെല്‍ഫി എടുത്തതായും പോലിസ് കണ്ടെത്തി. മകളെ കാണാനില്ലെന്ന് പറഞ്ഞ് ആഗസ്റ്റ് എട്ടിന് യുവതിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സൂരജ് ഉത്തം തന്റെ 20 വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയതായി അവര്‍ ആരോപിച്ചു. വ്യാഴാഴ്ച ഇയാളെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുക ആയിരുന്നു.

അകാന്‍ക്ഷ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്നു. പ്രതി ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് പുറത്ത് വിട്ടതോടെ കുറ്റം സമ്മതിക്കുക ആയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ആണ് തങ്ങള്‍ ആദ്യം സംസാരിച്ചതെന്നും തുടര്‍ന്ന് പ്രണയത്തിലായെന്നും അയാള്‍ അവരോട് പറഞ്ഞു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത പോലിസ് ഇരുവരേയും കോടതിയില്‍ ഹാജരാക്കി.