റായ്പുര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് കുപ്രസിദ്ധ മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷസേന. മാവോയിസ്റ്റ് നേതാക്കളായ രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കടാരി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 40 ലക്ഷം രൂപ വീതം ഛത്തീസ്ഗഢ് സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ടിരുന്നു.

സംഭവസ്ഥലത്ത് നിന്നും എകെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. മാവോയിസ്റ്റ് സാഹിത്യ പ്രസിദ്ധീകരണങ്ങളും പ്രചാരണ സാമഗ്രികളും സുരക്ഷാസേന പിടിച്ചെടുത്തവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഛത്തീസ്ഗഡ് അതിര്‍ത്തി മേഖലയിലെ അബുജ്മദ് പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. ഇതിനുപിന്നാലെ ആയിരുന്നു ഏറ്റുമുട്ടല്‍. കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് സുരക്ഷ സേന പറഞ്ഞു.

എകെ 47 റൈഫിളടക്കമുള്ള ആയുധങ്ങളും സ്ഫോടക വസ്തക്കളും മാവോയിസ്റ്റ് പുസ്തകങ്ങളുമാണ് ഇവരുടെ പക്കല്‍നിന്നും കണ്ടെത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു. മഹാരാഷ്ട്രയോട് ചേര്‍ന്നുള്ള അഭുജ്മാദ് വനത്തില്‍ ഇന്ന് രാവിലെ സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടയിലാണ് വെടിവെപ്പ് നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സ്ഥലത്ത് മാവോയിസ്റ്റുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് പൊലീസുകാരനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ഇതുവരെ ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ ആകെ 249 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് നാരായണ്‍പുര്‍ പോലീസ് സൂപ്രണ്ട് റോബിന്‍സണ്‍ ഗുരിയ പറഞ്ഞു. മണിക്കൂറുകളോളം നീണ്ടുനിന്ന വെടിവയ്പ്പിനൊടുവില്‍ രണ്ട് പുരുഷ കേഡര്‍മാരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഒരു എകെ-47 റൈഫിള്‍, ഒരു ഇന്‍സാസ് റൈഫിള്‍, ഒരു ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍ (ബിജിഎല്‍), വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍, മാവോയിസ്റ്റ് ലഘുലേഖകള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട രണ്ടുപേരും തെലങ്കാനയിലെ കരിംനഗര്‍ സ്വദേശികളാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലേറെയായി ഇവര്‍ ബസ്തര്‍ മേഖലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 'ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി'യില്‍ സജീവമായിരുന്നു. ബസ്തറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാധാരണക്കാരുടെയും മരണത്തിനിടയാക്കിയ നിരവധി അക്രമ സംഭവങ്ങളുടെ സൂത്രധാരന്മാര്‍ ഇവരായിരുന്നുവെന്നും എസ്പി പറഞ്ഞു. ഛത്തീസ്ഗഢില്‍ ഇരുവരുടെയും തലയ്ക്ക് 40 ലക്ഷം രൂപ വീതമാണ് വിലയിട്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ഏജന്‍സികളിലും ഇവര്‍ക്കെതിരെയുള്ള കേസുകളുടെയും പാരിതോഷികങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.